അംറോഹ: വിവാഹത്തിന് ആളുകള്‍ ഇടിച്ചുകയറിയതോടെ സദ്യവിളമ്പുന്നിടത്ത് പ്രവേശിക്കാന്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നടന്ന വിവാഹത്തിലാണ് സദ്യ കഴിക്കാനെത്തിയവര്‍ക്ക് ആധാര്‍ കാര്‍ഡും കാണിക്കേണ്ടിവന്നത്. വിവാഹത്തിന് പ്രതീക്ഷിച്ചതില്‍ അധികം ആളുകള്‍ എത്തിയതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അംറോഹയിലെ ഹാസന്‍പുര്‍ നഗരത്തില്‍ സെപ്റ്റംബര്‍ 21-നായിരുന്നു വിവാഹം. എന്നാല്‍ വിവാഹം നടന്ന ഹാളില്‍ സദ്യ വിളമ്പുന്നത് ആരംഭിച്ചതോടെ നിരവധിപേര്‍ ഇരച്ചെത്തുകയായിരുന്നു. ഇതോടെയാണ് വധുവിന്റെ വീട്ടുകാര്‍ ആധാര്‍ കാര്‍ഡ് കാണിക്കുന്നവരെ മാത്രം ഹാളിലേക്ക് പ്രവേശിപ്പിച്ചത്. വരന്റെ കൂട്ടരില്‍നിന്ന് അനുവാദം വാങ്ങിയ ശേഷമാണ് അവര്‍ക്കൊപ്പം വന്നവരെ തിരിച്ചറിയാനായി ആധാര്‍ കാര്‍ഡ് പരിശോധിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിരവധിപേര്‍ വിവാഹവേദിയിലേക്ക് എത്തിയതോടെ മേശയില്‍ വിളമ്പിയിരുന്ന ഭക്ഷണമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കാലിയായെന്നായിരുന്നു വിവാഹത്തില്‍ പങ്കെടുത്ത ഒരാളുടെ പ്രതികരണം. ആദ്യം അതിഥികള്‍ക്കായി ലഘുപലഹാരം വിളമ്പിയിരുന്നു. ഇതിനുശേഷമാണ് സദ്യ ആരംഭിച്ചത്. ഇതോടെയാണ് ആളുകള്‍ ഇരച്ചെത്തിയതെന്നും വിവാഹത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
അതേസമയം, വിവാഹം നടന്ന സ്ഥലത്ത് അന്നേദിവസം രണ്ട് കല്യാണങ്ങള്‍ നടന്നതാണ് തിരക്കിന് കാരണമായതെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. രണ്ടാമത്തെ വിവാഹത്തിന് എത്തിയവരും ഇവിടേക്ക് ഭക്ഷണം കഴിക്കാന്‍ കയറുകയാണുണ്ടായതെന്നും ഇദ്ദേഹം പറഞ്ഞു. അതിനിടെ, സദ്യയ്ക്ക് കയറുന്നതിന് മുമ്പ് ആളുകള്‍ ആധാര്‍ കാര്‍ഡ് കാണിക്കുന്ന ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
Only those people who had adhar cards were given entry to feast venue of a wedding party in Hasanpur village of Amroha @timesofindia pic.twitter.com/vXR3VliJyd
— Sudhir Kumar (@SudhirkumarhTOI) September 25, 2022