രസത്തിന് തുടങ്ങി, ഇല്ലാതെ പറ്റില്ലെന്നായി.. മയക്കുമരുന്നിന്‌ അടിമകളാകുന്നത് കൂടുതലും 20-25 പ്രായക്കാർ

0
191

കാഞ്ഞങ്ങാട്: ബി.ടെക്കും എം.ടെക്കും കഴിഞ്ഞവർ, എം.ബി.എ. ബിരുദമെടുത്തവർ ഇത്തരത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയവരാണ് മയക്കുമരുന്ന് കേസുകളിൽ പിടിയിലായവരിൽ പലരും.

നല്ല സാമ്പത്തികശേഷിയുള്ളവരാണ് ലഹരിക്കടിമകളാകുന്നവരിൽ ഏറെയും. പട്ടിണിയും പ്രാരാബ്ധവും അല്ലെങ്കിൽ മാനസികസംഘർഷം ഇങ്ങനെയുള്ള കാര്യങ്ങളൊന്നും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരില്ലെന്നാണ്‌ പോലീസിലെയും എക്സൈസിലെയും ഉദ്യോഗസ്ഥർ പറയുന്നത്. 20-നും 25-നുമിടയിൽ പ്രായമുള്ളവരാണ് ഇതിൽ അകപ്പെടുന്നവരിലേറെയും. വെറുതെ രസത്തിന്‌ തുടങ്ങുന്നു. പിന്നീടങ്ങോട്ട് ഇതില്ലാതെ പറ്റില്ലെന്നാകുന്നു.

കർണാടകയിൽ പഠിക്കുന്ന കാസർകോട്ടെ വിദ്യാർഥികളിൽ പലരിലും മയക്കുമരുന്നുപയോഗം കണ്ടുവരുന്നതായി ഇതുസംബന്ധിച്ച് ബോധവത്‌കരണ ക്ലാസെടുക്കുന്നവരും പറയുന്നു. ഒറ്റപ്പെട്ട സംഭവങ്ങളിൽ പെൺകുട്ടികളുമുണ്ട്.

കോളേജ് കാമ്പസുകളിൽ വ്യാപകമാണെന്ന്‌ പറയാനാകില്ലെങ്കിലും മയക്കുമരുന്ന് വിതരണകേന്ദ്രങ്ങളുടെ പട്ടികയിൽ അത്തരം സ്ഥലങ്ങളുമുണ്ടെന്നാണ് എക്സൈസ് വകുപ്പ്‌ ഉദ്യോഗസ്ഥർ പറയുന്നത്. അടുത്തകാലത്തായി എം.ഡി.എം.എ. ഉപയോഗമാണ് കൂടുന്നത്. ഇത്‌ കടത്താനും മറ്റും സൗകര്യപ്രദമാണത്രേ.

എക്സൈസ് വകുപ്പ് എടുത്തത് 2367 കേസുകൾ

കഴിഞ്ഞ എട്ടുമാസത്തിനിടെ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ തുടങ്ങിയ ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പെടുത്തത് 2367 കേസുകൾ. ഇതിൽ 1668 എണ്ണവും പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടാണ്.

644 എണ്ണം മദ്യക്കേസുകളും 55 എണ്ണം മയക്കുമരുന്ന്‌ കേസുകളുമാണ്. ചാരായം 168.3 ലിറ്റർ, വാഷ് 5815 ലിറ്റർ, വിദേശമദ്യം 1046 ലിറ്റർ, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള മദ്യം 4036 ലിറ്റർ, ബിയർ 656 ലിറ്റർ, കഞ്ചാവ് 10.5 കിലോ, എം.ഡി.എം.എ. 233.5 ഗ്രാം, പുകയില ഉത്പന്നങ്ങൾ 1562 കിലോ എന്നിവ പിടിച്ചു. 69 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

വിവിധ കേസുകളിൽ പിഴയായി ഈടാക്കിയത് മൂന്നുലക്ഷം രൂപ. ജില്ലയിൽ കാസർകോട്, ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിനു കീഴിലായി ആറ്‌ റെയ്ഞ്ച് ഓഫീസുകളുണ്ട്. വെള്ളരിക്കുണ്ട് സർക്കിൾ ഓഫീസ് നിലവിൽ വന്നെങ്കിലും സാങ്കേതികകാരണങ്ങളാൽ സക്രിയമായിട്ടില്ല. കാസർകോട്ട് സ്പെഷ്യൽ സ്ക്വാഡും പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here