തിരുവനന്തപുരം ∙ രണ്ടാഴ്ച കൊണ്ടു സംസ്ഥാനത്തെ 1,666 വില്ലേജ് ഓഫിസർമാർ നൽകിയത് 20 ലക്ഷത്തോളം വരുമാന സർട്ടിഫിക്കറ്റ്. ഇതു വഴി സർക്കാരിന്റെ ഐടി വകുപ്പിനു ലഭിച്ചത് ലക്ഷക്കണക്കിനു രൂപയുടെ വരുമാനവും. സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങാതിരിക്കാൻ ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സർക്കാർ നിർദേശമാണു കാരണം. എന്നാൽ, വില്ലേജ് ഓഫിസർമാർ ‘മാരത്തൺ’ ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണ നടപടിയിൽ തളച്ചിട്ട അവസ്ഥയിലായതോടെ വില്ലേജ് ഓഫിസുകളിലെ മറ്റു സേവനങ്ങൾ സ്തംഭിച്ചു.
പെൻഷൻ ഗുണഭോക്താക്കൾ 60 ലക്ഷത്തോളം ഉള്ളതിനാൽ വരുന്ന ഒരു മാസത്തോളം ഈ ജോലി മാത്രം ചെയ്യേണ്ട അവസ്ഥയിലാണു വില്ലേജ് ഓഫിസർമാർ. വരുമാന സർട്ടിഫിക്കറ്റ് നൽകാൻ അടുത്ത വർഷം ഫെബ്രുവരി വരെ സാവകാശം സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും പെൻഷൻ ഗുണഭോക്താക്കൾ തിരക്കിട്ട് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുകയാണ്. ഇതു കാരണം അക്ഷയ കേന്ദ്രങ്ങളിലും തിരക്കേറി.
ഒരു വില്ലേജ് ഓഫിസർക്കു മാത്രം വരുമാന സർട്ടിഫിക്കറ്റിനുള്ള നൂറിലേറെ അപേക്ഷകൾ ദിവസേന ഇ ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭിക്കുന്നുണ്ട്. ആധാർ, റേഷൻ കാർഡ് എന്നിവ പരിശോധിച്ചും ഭൂവിവരങ്ങൾ നോക്കിയുമാണു സർട്ടിഫിക്കറ്റ് അനുവദിക്കുക. സ്മാർട്ട് ആയ വില്ലേജ് ഓഫിസുകളിൽ പോലും പഴയ ലാപ്ടോപ്പുകളും നെറ്റ്‌വർക്കും പോലുള്ള പരിമിതികൾ ഉള്ളതിനാൽ ഓഫിസ് സമയം കഴിഞ്ഞ് വീട്ടിലിരുന്നുമാണു സർട്ടിഫിക്കറ്റ് നടപടികൾ പൂർത്തിയാക്കുന്നത്.