ദുബൈ: യുഎഇയില്‍ റിമോട്ട് വര്‍ക്കിങ് വിസ ഉള്‍പ്പെടെ പുതിയ റെസിഡന്റ് പെര്‍മിറ്റുകള്‍ക്ക് സെപ്റ്റംബര്‍ അഞ്ച് മുതല്‍ അപേക്ഷ നല്‍കാം. യുഎഇക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അനുവാദം ലഭിക്കുന്ന റിമോട്ട് വര്‍ക്കിങ് വിസയാണ് പ്രധാനം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച റിമോട്ട് വര്‍ക്കിങ് വിസയാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നത്. ഒരു വര്‍ഷത്തേക്ക് അനുവദിക്കുന്ന ഈ വിസ പിന്നീട് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുമാവും. സ്‍പോണ്‍സര്‍ ആവശ്യമില്ലാതെ യുഎഇയില്‍ താമസിച്ച് വിസയോടൊപ്പം വിവരിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് വിധേയമായി രാജ്യത്തു നിന്ന് ജോലി ചെയ്യാം.
യുഎഇക്ക് പുറത്തുള്ള ഒരു കമ്പനിക്ക് വേണ്ടി ജോലി ചെയ്യുകയാണെന്ന് തെളിയിക്കുന്ന രേഖയുണ്ടാവണം. പാസ്‍പോര്‍ട്ടിന് ആറ് മാസമെങ്കിലും കാലാവധിയും യുഎഇയിലെ ചികിത്സാ ചെലവുകള്‍ കവര്‍ ചെയ്യുന്ന ആരോഗ്യ ഇന്‍ഷുറന്‍സും ഉണ്ടായിരിക്കണം. റിമോട്ട് വര്‍ക്ക് വിസയിലുള്ളവര്‍ക്ക് കുടുംബാംഗങ്ങളെയും സ്‍പോണ്‍സര്‍ ചെയ്യാം. ഇവരുടെ വിസാ കാലാവധി സ്‍പോണ്‍സറുടെ വിസാ കാലാവധിക്ക് തുല്യമായിരിക്കും.
ദുബൈ ഒഴികെയുള്ള മറ്റ് എമിറേറ്റുകളിലേക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വെബ്‍സൈറ്റായ https://icp.gov.ae വഴിയും ദുബൈയിലേക്ക് ദുബൈ കോര്‍പറേഷന്‍ ഓഫ് ടൂറിസം ആന്റ് കൊമേഴ്സ് മാര്‍ക്കറ്റിങ് വെബ്‍സൈറ്റായ www.visitdubai.com വഴിയുമാണ് അപേക്ഷിക്കേണ്ടത്. ഒരു കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന ആളാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് കാലാവധിയുള്ള തൊഴില്‍ കരാര്‍ ഹാജരാക്കണം. മാസം 18,250 ദിര്‍ഹം (5000 ഡോളര്‍) എങ്കിലും വരുമാനവുമുണ്ടാകണം. സാലറി സ്ലിപ്പിന് പുറമെ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും ഹാജരാക്കണം.
കമ്പനി ഉടമയാണെങ്കില്‍ അത് തെളിയിക്കുന്ന രേഖയും മാസം കുറഞ്ഞത് 5000 ഡോളര്‍ വരുമാനം ലഭിക്കുന്നതിന്റെ ബാങ്ക് രേഖയും വേണം. കമ്പനിയുടെ കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കണം. 1050 ദിര്‍ഹമാണ് അപേക്ഷാ ഫീസ്. ഫീസ് അടച്ചെന്ന് കരുതി വിസ ലഭിക്കണമെന്ന് നിര്‍ബന്ധമില്ല. എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ 60 ദിവസത്തിനകം മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി താമസ വിസയ്‍ക്ക് അപേക്ഷിക്കണം. റിമോട്ട് വര്‍ക്കിങ് വിസയില്‍ വരുന്നവര്‍ക്ക് വീട് വാടകയ്ക്ക് എടുക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനും കുട്ടികളെ സ്‍കൂളുകളില്‍ ചേര്‍ക്കാനുമെല്ലാം സാധിക്കും.
ഗ്രീന്‍ വിസ
സ്‍പോണ്‍സറോ തൊഴിലുടമയോ എല്ലാതെ സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ യുഎഇയില്‍ അഞ്ച് വര്‍ഷം വരെ താമസിക്കാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. ബിസിനസുകാര്‍ക്ക് വേണ്ടി രാജ്യത്ത് അവസരങ്ങളുടെ വാതില്‍ തുറക്കുകയാണ് പുതിയ ഈ സംവിധാനത്തിലൂടെ. രണ്ടോ മൂന്നോ വര്‍ഷം കാലാവധിയുള്ള സാധാരണ വിസയ്ക്ക് പകരം കൂടുതല്‍ കാലം രാജ്യത്ത് താമസിക്കാമെന്നതാണ് ഈ വിസയുടെ പ്രധാന സവിശേഷത.
മാസം 15000 ദിര്‍ഹമെങ്കിലും സമ്പാദിക്കുന്ന വിദഗ്ധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് ഗ്രീന്‍ വിസയ്ക്ക് അപേക്ഷിക്കാം. ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഗ്രീന്‍ വിസയുള്ളവര്‍ക്ക് കുടുംബാംഗങ്ങളെയും സ്‍പോണ്‍സര്‍ ചെയ്യാം. 25 വയസുവരെ ആണ്‍ മക്കളെയും പ്രായപരിധിയില്ലാതെ പെണ്‍മക്കളെയും സ്‍പോണ്‍സര്‍ ചെയ്യാന്‍ അനുവാദമുണ്ട്. ആണ്‍കുട്ടികളുടെ സ്‍പോണ്‍സര്‍ഷിപ്പ് പ്രായപരിധി നേരത്തെ 18 വയസായിരുന്നു. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുമെല്ലാം ഗ്രീന്‍ വിസ പ്രയോജനപ്പെടുത്താം.