കുമ്പള: മണൽക്കടത്തിന് ഉപയോഗിക്കാൻ പുഴയിൽ മുക്കി ഒളിപ്പിച്ച ഏഴ് തോണികൾ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ഷിറിയ പുഴയിൽനിന്നാണ് വ്യാഴാഴ്ച രാത്രിയിൽ തോണികൾ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് റഷീദ് കർള, അലി ഒളയം എന്നിവരുടെ പേരിൽ കേസെടുത്തു.
പകൽ പരിശോധന വ്യാപകമായതിനാൽ പോലീസ് പിടികൂടാതിരിക്കാനാണ് തോണികൾ മുക്കിവെച്ചത്. കാസർകോട് ഡിവൈ.എസ്.പി. വി.വി.മനോജിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.
രാത്രിയിൽ ഷിറിയ പുഴയിൽ തോണിയിലെത്തിയ പോലീസ് വലിയ വടികൾ ഉപയോഗിച്ച് പുഴവെള്ളത്തിൽ കുത്തിനോക്കിയാണ് തോണികൾ കണ്ടെടുത്ത്. കൂടാതെ കണ്ടൽക്കാടുകൾക്കിടയിൽ ഇലകളിട്ട് മൂടിയ നിലയിലും ചില തോണികൾ കണ്ടെത്തി.
പുലർച്ചെ മൂന്നിനും രാവിലെ ആറിനുമിടയിലാണ് തോണികൾ കണ്ടെടുത്തത്. കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ്, എസ്.ഐ. വി.കെ.അനീഷ്, സി.പി.ഒ.മാരായ വി.കെ.ഇല്യാസ്, പവിത്രൻ നടക്കാവ്, വിനോദ് കുമാർ, ദീപു അതിയാമ്പൂർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.