ഫോൺ ഇല്ലാത്ത പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാം,വീട്ടിലറിഞ്ഞു; ഹോസ്റ്റലിൽ നിന്ന് മുങ്ങിയ പെൺകുട്ടികൾ പിടിയിൽ

0
308

ഹരിപ്പാട്: ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതു വീട്ടിൽ അറിഞ്ഞതിനെത്തുടർന്ന് ഹോസ്റ്റലിൽനിന്നു മുങ്ങിയ മൂന്നുവിദ്യാർഥിനികളെ എറണാകുളത്തുനിന്നു കണ്ടെത്തി. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽനിന്ന്‌ കഴിഞ്ഞദിവസം രാത്രിയോടെ എട്ട്, 10, 12 ക്ലാസ് വിദ്യാർഥിനികളെയാണു കാണാതായത്.

മൊബൈൽഫോൺ സ്വന്തമായി ഇല്ലാതിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിക്ക്‌ ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളതായി രക്ഷിതാക്കൾ കണ്ടെത്തിയതിനെത്തുടർന്ന്‌ സ്കൂൾ അധികൃതരെ അറിയിക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ചരാത്രി 11.30-ഓടെ ഹോസ്റ്റലിൽനിന്നു മുങ്ങിയത്.

മൂന്നുകിലോമീറ്റർനടന്ന് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ രാത്രിയിൽ തീവണ്ടിയിൽ കയറി കൊല്ലത്തെത്തി. പിന്നീട്, രാവിലെ എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് മറൈൻഡ്രൈവിൽവെച്ച് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിനെ കണ്ടു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചതു രക്ഷിതാക്കൾ അറിഞ്ഞെന്നും അതിനാൽ തങ്ങൾ ബെംഗളൂരുവിലേക്കു പോവുകയാണെന്നും സുഹൃത്തിനോടു പറഞ്ഞു. ഇതറിഞ്ഞ സുഹൃത്ത് പെൺകുട്ടിയുടെ പിതാവിനെ വിവരം അറിയിച്ചു. പിതാവ് ഉടൻതന്നെ കരീലക്കുളങ്ങര പോലീസിനെ അറിയിച്ചു. എസ്.എച്ച്.ഒ. യുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്നു വിദ്യാർഥിനികളെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here