പൗരത്വ ഭേദഗതി നിയമം: അടിയന്തര യോഗം ചേർന്ന് മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി

0
190

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് സുപ്രിംകോടതിയിൽ നൽകിയ ഹരജിയിൽ തിങ്കളാഴ്ച വാദംകേൾക്കാനിരിക്കുന്ന സാഹചര്യത്തിൽ പാർട്ടി ഉന്നതാധികാര സമിതി ഓൺലൈനിൽ യോഗം ചേർന്നു. അഭിഭാഷകരുമായി ചേർന്ന് കേസ് നടപടിക്രമങ്ങളുടെ മേൽനോട്ടം വഹിക്കാൻ അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. മുഹമ്മദ് ഷാ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

കേസ് സംബന്ധിച്ച പുതിയ വിവരങ്ങൾ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ അവതരിപ്പിച്ചു. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനും രാജ്യസഭാ അംഗവുമായ കപിൽ സിബലുമായി സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് കുഞ്ഞാലിക്കുട്ടി പങ്കുവച്ചത്. ഇ.ടി മുഹമ്മദ് ബഷീറും കേസുമായി ബന്ധപ്പെട്ട് സംസാരിച്ചു.

വിശദമായ വാദത്തിനായി അടുത്ത ദിവസങ്ങളിലേക്കുതന്നെ കേസ് മാറ്റിവയ്ക്കാനിടയുള്ളതിനാൽ ഉടൻ തന്നെ ഡൽഹിയിൽ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി ചേരാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഇന്ദിര ജെയ്‌സിങ് തുടങ്ങിയവരുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തും.

യോഗത്തിൽ ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ അവകാശത്തിനുവേണ്ടിയുള്ള നിയമപോരാട്ടമാണ് ലീഗ് നടത്തുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here