‘പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നത് തിരഞ്ഞെടുപ്പ് തീയതികളാണ്, ആഗോള നിരക്കുകളല്ല’; ഇന്ധനവില വര്‍ധനയില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

0
186

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനയില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാധാരണക്കാരന്റെ മേല്‍ വിലക്കയറ്റത്തിന്റെ ഭാരം വീണ്ടും വര്‍ധിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 15 രൂപയും പാചക വാതക വില സിലിണ്ടറിന് 150 രൂപയും കുറച്ചുകൊണ്ട് ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു

അസംസ്‌കൃത എണ്ണയുടെ വിലയില്‍ മാറ്റം ഉണ്ടാവുമ്പോള്‍ എന്തുകൊണ്ടാണ് അത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകാത്തതെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു.’പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നത് തിരഞ്ഞെടുപ്പ് തീയതികളാണ്, ആഗോള നിരക്കുകളല്ല’ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ വില കുറയ്ക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നു. അത് കഴിയുമ്പോള്‍ വീണ്ടും വില ഉയര്‍ത്തുന്നു. എല്‍പിജി വില കുറച്ച് സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസം കൊടുക്കാത്തതെന്താണ്? അതിന് എന്ത് ന്യായമാണ് മോദി സര്‍ക്കാരിന് പറയാനുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.ഇന്ധന വിലയുടെ കാര്യത്തിലാണ് സര്‍ക്കാര്‍ പ്രാഥമികമായി ഏറ്റവും അശ്രദ്ധ കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘കഴിഞ്ഞ കുറച്ച് മാസങ്ങളായി അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് മാത്രം പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റം വരുത്തുമെന്ന് തോന്നുന്നില്ല. ആഗോള വിലയ്ക്ക് അനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില മാറണം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലില്‍ (പിപിഎസി, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ) നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 2022 സെപ്റ്റംബര്‍ 8ന് ക്രൂഡ് ഓയിലിനു ബാരലിന് 88 ഡോളറായിരുന്നു.ഈ വര്‍ഷം ജൂണില്‍ 116 ഡോളറായിരുന്നു ക്രൂഡോയിലിന്റെ വില.

LEAVE A REPLY

Please enter your comment!
Please enter your name here