പിഎഫ്ഐ നേതാക്കളുടെ ഹിറ്റ് ലിസ്റ്റിൽ 380 പേര്‍: പട്ടികയിൽ പൊലീസുകാരും

0
232

തിരുവനന്തപുരം: സംസ്ഥാനത്തെ 380ഓളം പേരെ വധിക്കാനായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നോട്ടമിട്ടിരുന്നതായി വിവരം. ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളിൽ നിന്നാണ് ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ശ്രീനിവാസൻ കൊലക്കേസിൽ ഒരാഴ്ച മുൻപാണ് പോപ്പുലർഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കർ സിദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തതത്. പിഎഫ്ഐ മലപ്പുറം തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീനേയും കേസിൽ പൊലീസ് പിടികൂടിയിരുന്നു. ഇരുവരുടേയും ലാപ്പ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ ആണ് ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയത്.

സിറാജുദ്ദീനിൽ നിന്നും കണ്ടെത്തിയ പട്ടികയിൽ 378 പേരുകളാണുള്ളത്. പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കർ സിദിഖിന്റെ ലാപ് ടോപ്പിൽ നിന്നും ലഭിച്ചത് 380 പേരുടെ ചിത്രങ്ങളാണ്. ഹിറ്റ്ലിസ്റ്റിൽ ഒരു സിഐയും ഒരു സിവിൽ പൊലീസ് ഓഫീസറും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എൻഐഎയുടെ രഹസ്യ റെയ്ഡിന് മുൻപേ തന്നെ ഈ വിവരങ്ങൾ പൊലീസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിരുന്നു.

അതേസമയം  പിഎഫ്ഐയെ നിരോധിച്ചതിന് പിന്നാലെ സംഘടനയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൻ്റെ പേര് മാറ്റി. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള  പിഎഫ്ഐ പ്രസ് റിലീസ് എന്ന ഗ്രൂപ്പിൻ്റെ പേരാണ് പ്രസ് റിലീസ് എന്ന് മാറ്റിയത്. സംഘടനയുടെ വെബ്സൈറ്റുകളും നിരോധനത്തിന് പിന്നാലെ പ്രവർത്തനരഹിതമായിട്ടുണ്ട്.

ശ്രീനിവാസൻ കൊലക്കേസിൽ  പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി സിറാജുദീനെ അറസ്റ്റ് ചെയ്തപ്പോൾ  ഞെട്ടിക്കുന്ന പല വിവരങ്ങളും രേഖകളുമാണ് പൊലീസിന് ലഭിച്ചത്. ശ്രീനിവാസൻ കൊലക്കേസിലെ 38 മത്തെ പ്രതിയായ  സിറാജുദീനെ മലപ്പുറത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇയാൾ ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് നിഗമനം. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു ഗൂഢാലോചന നടന്നത്. മലപ്പുറത്തെ 12 ആർഎസ്എസ് ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു.

കൈവെട്ട് കേസിലും കൊല്ലപ്പെട്ട മറ്റൊരു ആർഎസ് എസ് നേതാവ് സഞ്ജിത്തിന്റെ  കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് സൂചനയുണ്ട്. സഞ്ജിതിനെ കൊലപ്പെടുത്തുന്നതിൻ്റെ  ദൃശ്യങ്ങൾ ഇയാളുടെ പെൻഡ്രൈവിൽ നിന്ന് കണ്ടെടുത്തിരുന്നു. ഏപ്രിൽ 16 നാണ്  ശ്രീനിവാസൻ കൊല ചെയ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല ചെയ്യപ്പെട്ട് 24 മണിക്കൂർ തികയും മുന്നെയായിരുന്നു സംഭവം.

അതേസമയം സംസ്ഥാനത്ത് പിഎഫ്ഐ ഓഫീസുകളിലും നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും പൊലീസ് നടത്തുന്ന പരിശോധന ഇന്നും തുടരും. രാജ്യവ്യാപമായി നടത്തുന പരിശോധനയുടെ ഭാഗമായാണ് കേരളത്തിലും പരിശോധനകൾ തുടരുന്നത്. എൻഐഎയുടെ റെയ്ഡിന് തുടർച്ചയായാണ് പൊലിസ് പരിശോധനയും.

ഇന്നലെ നടത്തിയ റെയ്ഡിൽ വയനാട്ടിലെ പിഎഫ്ഐ നേതാവിന്റെ കടയിൽ നിന്നും ആയുധങ്ങൾ പിടിച്ചിരുന്നു. ഓരോ റെയ്ഞ്ച് ഡി ഐ ജി മാരുടെയും മേൽനോട്ടത്തിലാണ് പരിശോധന. ഇതു കൂടാതെ ഹർത്താൽ ദിവസം അക്രമമുണ്ടാക്കിയവരെ പിടികൂടാനുള്ള അന്വേഷണവും ഊർജിതമാക്കി.

ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ 6 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മലപ്പുറത്തു അറസ്റ്റിൽ. പൊന്നാനിയിൽ നിന്ന് 3 പേരും പെരുമ്പടപ്പ് നിന്ന് രണ്ടു പേരും തിരൂരിൽ നിന്നും ഒരാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ഇന്നലെ രാത്രി ജില്ലയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. ഹർത്താൽ ദിനത്തിൽ പൊന്നാനിയിലും അങ്ങാടിപ്പുറത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെയും ലോറികൾക്ക് നേരെയും കല്ലേറുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here