നായ ഭീതിയിൽ സ്വൈരം നഷ്ടപ്പെട്ട് കാസറഗോഡ് ജില്ല; 2 ദിവസം, കടിയേറ്റത് 43 പേർക്ക്

0
246

കാസറഗോഡ്:  ജില്ലയിൽ ഇന്നലെ നായയുടെ കടിയേറ്റത് 18 പേർക്ക്. ഈ മാസം മാത്രം ഇതു വരെയായി 264 പേർക്കാണ് കടിയേറ്റത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രമായി 43 പേർക്കാണ് നായയുടെ കടിയേറ്റത്. ഈ വർഷം ഇതു വരെയായി 4372 പേർക്കും ക‌ടിയേറ്റു. ഇതിൽ പൂച്ചയിൽ നിന്നോ, വളർത്തു നായ്ക്കളിൽ നിന്നോ മാന്തലോ കടിയോ ഏറ്റവരും ഉൾപ്പെടുന്നു.

കൂട‌ുതൽ പേരും തെരുവു നായ്ക്കളുടെ കടിയേറ്റാണ് ചികിത്സ തേടിയത്. ജില്ലയിൽ ശരാശരി ഒരുമാസം നായയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 400 ലധികമാണ്. ജനുവരി-654, ഫെബ്രുവരി 502, മാർച്ച്-533, ഏപ്രിൽ-580, മേയ്-499, ജൂൺ-472, ജൂലൈ-425, ഓഗസ്റ്റ്-443, സെപ്റ്റംബർ ഇന്നലെ വരെ-264 എന്നിങ്ങനെ ആണ് ഈ വർഷം നായയുടെ കടിയേറ്റവരുടെ എണ്ണം.

ജില്ലയിൽ നിലവിൽ പേവിഷ പ്രതിരോധ മരുന്നു സ്റ്റോക്ക് ഉണ്ടെങ്കിലും കേസുകൾ കൂടിയാൽ പ്രതിസന്ധി ഉണ്ടാകും. മിക്ക സർക്കാർ ആശുപത്രികളിലും തദ്ദേശ സ്ഥാപനങ്ങൾ അവരുടെ ഫണ്ട് ഉപയോഗിച്ച് വാക്സീൻ ഉറപ്പു വരുത്തുന്നുണ്ട്. പേവിഷ ബാധ തടയാനുള്ള ആന്റി-റാബീസ് ഇമ്യൂണോഗ്ലോബുലിൻ ജില്ലാ ആശുപത്രിയിൽ നിലവിൽ ആവശ്യത്തിന് ഉണ്ട്.

വന്ധ്യംകരിച്ചത് 11,000 നായ്ക്കളെ

ജില്ലയിൽ ഇതുവരെ എബിസി കേന്ദ്രങ്ങൾ വഴി വന്ധ്യംകരിച്ചത് 11,000 തെരുവു നായ്ക്കളെ ആണ്. പഴയ കണക്ക് പ്രകാരം ജില്ലയിൽ 8678 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് വിവരം. എന്നാൽ ഇതിന്റെ മൂന്നിരട്ടി തെരുവു നായ്ക്കൾ ഇപ്പോൾ ഗ്രാമ, നഗരഭേദമില്ലാതെ വിലസുണ്ടെന്നു അധികൃതർ തന്നെ പറയുന്നു.

വളർത്തുമ‍ൃഗങ്ങൾക്ക് വാക്സിനേഷൻ ക്യാംപ്

വളർത്തു നായ്ക്കൾക്കും മറ്റും വാക്സിനേഷൻ നൽകാൻ വിമുഖത കാണിക്കുന്നവരുടെ എണ്ണം ജില്ലയിൽ ഏറെയാണ്. ഇതിന്റെ ഭാഗമായി പരമാവധി വളർത്തു മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകാനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വാക്സിനേഷൻ ക്യാംപുകൾ നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ജി.എം.സുനിൽ പറഞ്ഞു. വളർത്തു നായ്ക്കൾക്ക് വർഷത്തിൽ ഒരുതവണ റാബിസ് വാക്സീൻ നൽകേണ്ടത് നിർബന്ധമാണ്.

വാക്സീൻ കുത്തി വയ്പ് എടുക്കുന്നതിനൊപ്പം അവിടെ വച്ചു തന്നെ ലൈസൻസ് നൽകാനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരുവു നായ്ക്കളുടെ വാക്സിനേഷൻ ഊർജിതപ്പെടുത്താനും നടപടി തുടങ്ങി. ഇതിന് പരിശീലനം നേടിയവരെ ആവശ്യമാണ്. തെരുവു നായ്ക്കളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രങ്ങളും ജില്ലയിൽ ആരംഭിക്കും.

താൽപര്യമുള്ള തദ്ദേശ സ്ഥാപനങ്ങൾക്കും കേന്ദ്രം ആരംഭിക്കാം. ഇതിനുള്ള നട‌പടികളും ജില്ലയിൽ തുടങ്ങി. മാലിന്യം തള്ളുന്നതാണ് തെരുവു നായ്ക്കളുടെ എണ്ണം കൂട‌ുന്നതിന് പ്രധാനം കാരണം. മാലിന്യ സംസ്കരണത്തിന് മുൻതൂക്കം നൽകുന്നതടക്കമുള്ള കാര്യങ്ങളിലും ജില്ല ഏറെ ജാഗ്രത കാട്ടേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here