ടി20 ലോകകപ്പ്: രാഹുല്‍ അല്ല രോഹിത്തിനൊപ്പം ഓപ്പണറാവേണ്ടതെന്ന് പാര്‍ഥിവ് പട്ടേല്‍

0
304

അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഒഴിവാക്കപ്പെട്ട താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണെങ്ങും. ഇതിനിടെ ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. രോഹിത് ശര്‍മക്കൊപ്പം റിഷഭ് പന്ത് ഓപ്പണറായി ഇറങ്ങണമെന്ന നിര്‍ദേശവും ഇതിനിടെ എത്തിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യേണ്ടത് കെ എല്‍ രാഹുലോ റിഷഭ് പന്തോ ഒന്നുമല്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പാര്‍ഥിവ് പട്ടേല്‍. രോഹിത്തിനൊപ്പം വിരാട് കോലി ഇന്നിഗ്സ് ഓപ്പണ്‍ ചെയ്യുന്നതാണ് ടീമിന്‍റെ സന്തുലനത്തിന് ഏറ്റവും മികച്ചതെന്നും പാര്‍ഥിവ് ക്രിക് ബസിനോട് പറഞ്ഞു.

രോഹിത്തും കോലിയും വ്യത്യസ്ത ശൈലിയില്‍ ബാറ്റ് ചെയ്യുന്നവരാണ്. രോഹിത് തുടക്കം മുതല്‍ അടിച്ചു കളിക്കുമ്പോള്‍ ഫീല്‍ഡിലെ വിടവുകളിലൂടെ ബൗണ്ടറി കണ്ടെത്താനാണ് കോലി ശ്രമിക്കുക. ഈ സാഹചര്യത്തില്‍ ഇരുവരും ഓപ്പണ്‍ ചെയ്യുന്നതാണ് ഇന്ത്യക്ക് ഉചിതം. രോഹിത് തുടക്കം മുതല്‍ അടിച്ചു കളിക്കുകയും ആറോവറെങ്കിലും ക്രീസില്‍ നില്‍ക്കുകയും ചെയ്താല്‍ പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യക്ക് കുറഞ്ഞത് 50 റണ്‍സ് നേടാനാവും. കോലി ക്രീസില്‍ തുടര്‍ന്നാല്‍ പിന്നീട് ഇന്ത്യക്ക് റണ്‍നിരക്ക് ഉയര്‍ത്താനുമാവും.

കാരണം, ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കളിക്കാരനാണ് കോലി. അദ്ദേഹം ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയങ്ങളൊന്നുമില്ലായിരുന്നുവെന്നും ഫോം മാത്രമായിരുന്നു ആശങ്കയെന്നും പാര്‍ഥിവ് പറഞ്ഞു. കോലി ഫോമിലല്ല എന്നു പറയുമ്പോഴും അദ്ദേഹം അര്‍ധസെഞ്ചുറികള്‍ നേടുന്നുണ്ടായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും വേണ്ടത് കോലിയില്‍ നിന്നുള്ള സെഞ്ചുറിയായിരുന്നുവെന്നും പാര്‍ഥിവ് പറഞ്ഞു.

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഓപ്പണറാി ഇറങ്ങിയ കോലി സെഞ്ചുറി നേടിയിരുന്നു. 61 പന്തില്‍ 122 റണ്‍സ് നേടിയ കോലി ട20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റററുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ച് അപരാജിതനായി നിന്നു. ഈ സാഹചര്യത്തിലാണ് കോലിയെ ലോകകപ്പിലും ഓപ്പണറാക്കണമെന്ന നിര്‍ദേശം പാര്‍ഥിവ് മുന്നോട്ടുവക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here