ഗുജറാത്തിൽ വൻ ഇ-സിഗരറ്റ് വേട്ട, പിടിച്ചെടുത്തത് കണ്ടെയ്നറുകളിൽ കടത്താൻ ശ്രമിക്കുന്നതിനിടെ

0
186

അഹമ്മദാബാദ് : ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് ഡിആർഐയുടെ വൻ ഇ-സിഗരറ്റ് വേട്ട. 48 കോടി വിലവരുന്ന ഇ-സിഗരറ്റ് ആണ് കണ്ടെയ്നറുകളിൽ കടത്താൻ ശ്രമിച്ചത്. നിലം തുടയ്ക്കാനുള്ള മോപ്പുകളാണ് കണ്ടെയ്നറുകളിൽ എന്നാണ് രേഖകളിലുണ്ടായിരുന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് പിടികൂടിയത്. ഈ മാസം 4 ന് സൂറത്തിൽ വച്ച് ഒരു ട്രക്കിൽ കടത്തുകയായിരുന്ന 20 കോടിയുടെ ഇ-സിഗരറ്റുകളും ഡിആർഐ പിടികൂടിയിരുന്നു. 2019 ൽ രാജ്യത്ത് ഇ-സിഗരറ്റ് സമ്പൂർണമായി നിരോധിച്ചതാണ്. 

അതേസമയം കോഴിക്കോട് സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായി. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്ന പേരിൽ അറിയപ്പെടുന്ന കുന്നത്ത് പടിക്കൽ ബിനേഷ് (37) ആണ് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി. പ്രകാശന്‍റെ നേതൃത്വത്തിലുള്ള ഡൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.  പ്രതിയിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 

വിദ്യാർത്ഥികളെ ആകർഷിക്കാൻ കാരംസ് ക്ളബ്ബിന്റെ മറവിലായിരുന്നു എംഡിഎംഎ വിൽപന നടത്തിയിരുന്നത്. പെൺകുട്ടികളുൾ ഉള്‍പ്പെടെയുള്ളവർക്ക് എംഡിഎംഎ രഹസ്യമായി എത്തിച്ചു നൽകാറാണ് പതിവ്. സുഹൃത്തുക്കളുടെയും എംഡിഎംഎ യ്ക്ക് അടിമപ്പെട്ട കസ്റ്റമേഴ്സിന്‍റെ വാഹനങ്ങളിൽ കറങ്ങി നടന്നാണ് വിൽപന നടത്താറുള്ളത്. വാഹനം ദൂരെ പാർക്ക് ചെയ്തശേഷം നടന്ന് വന്നാണ് എംഡിഎംഎ കൈമാറുക. വാഹനം ഏതെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്.

സിവിൽ സ്റ്റേഷന് സമീപത്ത് വച്ച് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ എംഡിഎംഎ സഹിതം പിടികൂടിയത്. നടക്കാവ് സബ്ബ് ഇൻസ്പെക്ടർ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന മാഫിയ തലവനെകുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈസ്റ്റ് ഹിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത് യുവ തലമുറയെയാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here