കോഴിക്കോട്: കോഴിക്കോട് പോപ്പുലർ ഫ്രണ്ട് റാലിയിലെ അഫ്സൽ ഖാസിമിയുടെ പ്രസംഗത്തിനെതിരെ കെ എം ഷാജി. കൊലപാതകങ്ങളെയും അക്രമങ്ങളെയും ന്യായീകരിക്കാൻ പ്രവാചക ചരിത്രം വളച്ചൊടിച്ചെന്നും കെ എം ഷാജി വ്യക്തമാക്കി. ഫാസിസ്റ്റുകൾക്ക് എന്തിനാണ് മരുന്നിട്ടു കൊടുക്കുന്നത്. മതത്തിന്‍റെ പേര് പറഞ്ഞു വരുന്ന ആര്‍എസ്എസിനെയും എസ്ഡിപിഐ യെയും ഒരുപോലെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലെ വിവാദ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തിയിരുന്നു. ശത്രുക്കള്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന രീതിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഫ്സല്‍ ഖാസിമി നടത്തിയ പ്രസംഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ലീഗ് നേതാവ് ഷാജിയും രംഗത്തെത്തിയത്. ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഫ്സല്‍ ഖാസിമിയുടെ വിവാദ പ്രസംഗം.
ഇസ്ലാംമത വിശ്വാസികള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കണമെന്നും വേണ്ടിവന്നാല്‍ രക്തസാക്ഷിത്വം വരിക്കണമെന്നുമെല്ലാമായിരുന്നു ഹദീസിനെ ഉദ്ദരിച്ചുകൊണ്ട് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ നേതാവ് കൂടിയായ അഫ്സല്‍ ഖാസിമിയുടെ പ്രസംഗം. എന്നാല്‍ ഹദീസിനെ വളച്ചൊടിച്ച് അവതരിപ്പിച്ച് ഇസ്ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവര്‍ത്തിയാണിതെന്ന വിമര്‍ശനവുമായി ഇരു വിഭാഗം സമസ്ത നേതാക്കളും രംഗത്തെത്തി.
അക്രമികളെ സൗമ്യതയിലും സഹിഷ്ണുതയിലും ക്ഷമയിലും കീഴ്പ്പെടുത്തണമെന്ന ഹദീസിലെ ആശയത്തെ അഫ്സല്‍ ഖാസിമി വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് എസ് വൈ എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി ആരോപിച്ചു. പ്രവാചക ചരിത്രം മുഴുവന്‍ പറയാതെ അണികളില്‍ പൊട്ടിത്തെറി ഉണ്ടാക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റേതെന്നായിരുന്നു എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന്‍റെ വിമര്‍ശനം. വൈകാരികതയും തീവ്ര ചിന്തയും ഇളക്കി വിടുന്ന പോപ്പൂലര്‍ ഫ്രണ്ടിന് പ്രവാചകന്‍റെ ചരിത്രം മുഴുവന്‍ വേണ്ട.സഹിഷ്ണുതയുടെ കഥയല്ല ഇവര്‍ക്ക് വേണ്ട്.തീവ്ര സംഘങ്ങളുടെ ശൈലി ഇതാണെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംഘടന വളര്ത്താന്‍ വേണ്ടി ചിലര്‍ ഹദീസ് സംബന്ധിച്ച് തെറ്റദ്ധാരണ പരത്തുകയാണെന്ന് കേരള മുസ്ളീം ജമാ അത്ത് സെക്രട്ടറി പേരോട് അബ്ദു റഹ്മാന്‍ സഖാഫിയും പറഞ്ഞു.