തൃശൂർ: ഒമ്പതാംക്ലാസുകാരനായ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് നേരേ സ്കൂളിലെത്തി കാത്തുനിന്നു. കൂട്ടുകാർക്കൊപ്പം എത്തിയ അവനെ മാറ്റിനിറുത്തി വിശദമായി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കഞ്ചാവ് പൊതി.പാന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവുപൊതി .വിവരമറിഞ്ഞ് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ സ്കൂളിലെ നാല് വിദ്യാർത്ഥികൾ കൂടി കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. തൃശൂരിലെ ഒരു സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നത്.
അടുത്തിടെയായി മകന്റെ പെരുമാറ്റത്തിൽ വന്ന ചില മാറ്റങ്ങളാണ് പിതാവിൽ സംശയത്തിന് ഇടനൽകിയത്. ഇതോടെയാണ് കാര്യമായ പരിശോധന നടത്താൻ തീരുമാനിച്ചതും കഞ്ചാവ് കണ്ടെത്തിയതും.
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി ഉപയോഗം കൂടിവരികയാണ്. പെൺകുട്ടികൾ പോലും ലഹരി ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ തലസ്ഥാനത്തെ ഒരു പ്രമുഖ സർക്കാർ സ്കൂളിൽ വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് ബീഡി കണ്ടെത്തിയ സംഭവം ഏറെ വിവാദമായിരുന്നു. തന്റെ മകളെ സഹപാഠി നിർബന്ധിച്ച് ബീഡി വലിപ്പിച്ച സംഭവം കുട്ടിയുടെ മാതാവ് തന്നെയാണ് മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞത്. അത് വെറും ബീഡിയല്ലെന്നും കഞ്ചാവായിരുന്നെന്നും നഴ്സ് കൂടിയായ അമ്മ അറിയിച്ചെങ്കിലും വിദ്യാർത്ഥിനിക്ക് വാണിംഗ് കൊടുത്തെന്ന മറുപടിയാണ് സ്‌കൂൾ അധികൃതരിൽ നിന്ന് ലഭിച്ചതെന്നാണ് ആരോപണം. സ്‌കൂളിലെ അദ്ധ്യാപകൻ തന്നെയാണ് കുട്ടിയുടെ ബാഗിൽ നിന്ന് ബീഡി കണ്ടെത്തിയത്.