എ.കെ.ജി സെന്റര്‍ ആക്രമണക്കേസിൽ നിർണ്ണായക വഴിത്തിരിവ്. എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. ബോംബാക്രമണത്തിൽ സൂത്രധാരൻ പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് എന്നും പൊലീസിന് തെളിവ് ലഭിച്ചതായി ആണ് വിവരം. പ്രതി സംഭവശേഷം വിദേശത്തേക്ക് കടന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
എകെജി സെന്‍റര്‍ ആക്രമണത്തിലെ സൂത്രധാരന്‍ നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്. ഇയാൾക്ക് കണ്ണൂരിലെ ഒരു ഉന്നത കോൺഗ്രസ്സ് നേതാവുമായി അടുത്ത ബന്ധം ഉള്ളതായും വിവരം ഉണ്ട്. മുഖ്യമന്ത്രി വിമാനത്തിൽ ആക്രമിക്കപ്പെട്ട സമയത്തു ഇയ്യാൾ വിമാനത്തിൽ ഉണ്ടായിരുന്നു എന്നാണു ലഭിക്കുന്ന വിവരം.
ജൂണ്‍ 30ന് രാത്രി 11:30 കഴിഞ്ഞപ്പോഴാണ് ഇരുചക്ര വാഹനത്തിലെത്തിയ ആള്‍ സിപിഎം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതു വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. വിവിധ പോലീസ് സംഘങ്ങൾ അന്വേഷിച്ച കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.