എട്ട് മാസം കൊണ്ട് കരിപ്പൂരിൽ പിടിച്ചത് 112 കോടിയുടെ സ്വർണം, കടത്തുന്നത് മിശ്രിത രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച്

0
241

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ പിടികൂടിയത് 112 കോടിക്കുള്ള അനധികൃത സ്വര്‍ണക്കടത്ത്. എയര്‍ കസ്റ്റംസ്, ഡി ആര്‍ ഐ, കസ്റ്റംസ് പ്രിവന്റീവ്, കരിപ്പൂര്‍ പൊലീസ് എന്നീ വിഭാഗങ്ങള്‍ പിടികൂടിയ സ്വര്‍ണക്കടത്തിന്റെ കണക്കാണിത്. കസ്റ്റംസ് 103.88 കോടിയുടെ സ്വര്‍ണം പിടികൂടുകയുണ്ടായി. മൊത്തം 201.9 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
ഇതേ കാലയളവില്‍ കരിപ്പൂര്‍ കസ്റ്റംസ് 109.01 ലക്ഷം രൂപക്കുള്ള വിദേശ കറന്‍സികളും പിടികൂടിയിട്ടുണ്ട്. മറ്റ് വിഭാഗങ്ങള്‍ പിടികൂടിയതിന് പുറമേയാണിത്. 2021ല്‍ ഇതേ കാലയളവില്‍ 210 കേസുകളിലായി കസ്റ്റംസ് 135.12 കിലോ സ്വര്‍ണം പിടികൂടിയെങ്കില്‍ ഈ വര്‍ഷം 49.42 ശതമാനം വര്‍ധനയാണുണ്ടായത്.

സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയതാണ് ഏറെയും. ഇലക്ട്രോണിക് വസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ചും വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറകളുണ്ടാക്കിയും സ്വര്‍ണക്കട്ടികളും ആഭരണങ്ങളുമായി കടത്തിയതും പിടിക്കപ്പെട്ടിട്ടുണ്ട്. അതേസമയം നികുതിയടച്ച് നിയമവിധേയമായി കൊണ്ടുവന്നത് ഇതിലും കൂടുതലാണ്. നേരത്തേ 20 ലക്ഷമോ അതിലധികമോ രൂപയ്ക്കുള്ള സ്വര്‍ണം കടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ചട്ടം അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 50 ലക്ഷമോ അതിന് മുകളിലോ സ്വര്‍ണം കടത്തുന്നവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂവെന്ന് പരിഷ്‌കരിച്ചിട്ടുണ്ട്. ഇതുപ്രകാരം ഈ കാലയളവില്‍ 146 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഞ്ച്  പേര്‍ റിമാന്‍ഡിലുമായിട്ടുണ്ട്.

കഴിഞ്ഞ ​ദിവസം കണ്ണൂർ വിമാനത്താവളത്തിലുണ്ടായ സ്വർണ്ണ വേട്ടയിൽ പേസ്റ്റ് രൂപത്തിലുള്ള 1650 ഗ്രാം സ്വർണവുമായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീർ പൊലീസിന്‍റെ പിടിയിലായി. സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോയുടെ നിർദേശ പ്രകാരം എയർപോർട്ട് പൊലീസ് സ്റ്റേഷൻ സിഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കാലിന്‍റെ അടിയിൽ സോക്സിനുള്ളിലാക്കി കടത്തി കൊണ്ടുവന്ന സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്.

ഇന്നലെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണവുമായി യുവാവിനെ കസ്റ്റംസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ  വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്നാണ് 1132.400 ഗ്രാം സ്വർണ്ണം പിടികൂടിയത്. 58,20,000 ത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here