എംഡിഎംഎയ്ക്ക് അടിമയായ 12 വയസുകാരൻ വരെ! ലഹരിയിൽ വീഴുന്ന കുട്ടികൾ, ശ്രദ്ധ വേണം നമ്മുടെ കുഞ്ഞുങ്ങളിൽ

0
254

കൊച്ചി:  സംസ്ഥാനത്ത് ലഹരിക്ക് അടിമകളാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന. കൊവിഡിന് ശേഷം സ്കൂൾ തുറന്നതോടെ എക്സൈസിന്‍റെ വിമുക്തി കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ കൂടി. മാരക രാസലഹരിയായ എംഡിഎംഎ ഉപയോഗിക്കുന്ന 12 വയസുകാരനെ വരെ അടുത്തിടെ കൗൺസിലിംഗ് കേന്ദ്രത്തിലെത്തിച്ചിരുന്നതായാണ് ഞെട്ടിപ്പിക്കുന്ന വിവരം. 21 വയസ്സിൽ താഴെ ലഹരിക്ക് അടിമയായി വിമുക്തി കേന്ദ്രങ്ങളിലേക്ക് എത്തിയവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മദ്യത്തിൽ നിന്ന് കഞ്ചാവിലേക്കും ഒടുവിലായി എംഡിഎംഎ പോലുള്ള രാസലഹരിയിലേക്കുമാണ് ഒരുവിഭാഗം കൗമാരക്കാർ പെട്ട് പോകുന്നത്.

2019 കൊവിഡ് കാലത്തിന് തൊട്ട് മുൻപ് ഇരട്ടിയിലധികമായിരുന്നു കേസുകളിലെ വർധനവ്. എന്നാൽ കൊവിഡ് അടച്ചിട്ട വർഷങ്ങളിൽ ഇത് പകുതിയായി കുറഞ്ഞു. എന്നാൽ ഈ വർഷം ഓഗസ്റ്റ് മാസം വരെ ഉള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ലഹരിക്കടിമകളാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ കൂടി വരികയാണെന്ന് വ്യക്തമാണ്. എക്സൈസ് വഴിയല്ലതാതെ സ്വകാര്യ ആശുപത്രികൾ വഴി ചികിത്സ തേടിയവരുടെ കണക്ക് ഇതിലധികം വരും.

സ്കൂളുകളും കോളേജുകളും തുറന്നതോടെ ലഹരി വിപണനവും സജീവമാകുന്നെന്നാണ് വിലയിരുത്തൽ. എന്നാൽ ലഹരിക്ക് അടിമയാകുന്ന കുട്ടികളുടെ പ്രായത്തിലെ മാറ്റമാണ് വെല്ലുവിളിയാകുന്നത്. ലഹരി മാഫിയ സംഘങ്ങൾ കുറഞ്ഞ പ്രായത്തിലുള്ള കുട്ടികളിലേക്കും ലഹരിയെത്തിക്കുന്നുവെന്നാണ് അടുത്തിടെ കണ്ടുവരുന്നതെന്നാണ് എക്സൈസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും വിമുക്തി കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും പറയുന്നത്. എംഡിഎംഎ  ഉപയോഗിക്കുന്ന 12 വയസുകാരൻ വരെ കഴിഞ്ഞ ദിവസം വിമുക്തി കേന്ദ്രത്തിലെത്തി. നാട്ടിലെ മൈതാനത്ത് സ്ഥിരമായി കളിക്കാനെത്തുന്ന പന്ത്രണ്ട് വയസ്സുകാരന് പരിസരത്തുള്ള യുവാക്കളാണ് എംഡിഎംഎ നൽകി തുടങ്ങിയത്. സ്ഥിരമായി ലഭിച്ചതോടെ കുട്ടി ലഹരിക്ക് അടിമയായി. പെരുമാറ്റത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ച മാതാപിതാക്കളാണ് കുട്ടിയെ വിമുക്തി കേന്ദ്രത്തിലേക്കെത്തിച്ചത്.

കുട്ടികളെ കുറ്റവാളികളാക്കുന്ന ലഹരി ഉപയോഗം പിടിച്ച് കെട്ടാനുള്ള ശ്രമങ്ങൾ സംസ്ഥാന പൊലീസിന്‍റെ ഭാഗത്ത് നിന്നും ഊർജ്ജിതമാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗത്തിന് ശേഷമാണ് സ്കൂൾ, കോളേജ് തലങ്ങളിലേക്ക് ഉൾപ്പടെ ഇറങ്ങി ചെന്ന് പ്രവർത്തനം സജീവമാക്കുന്നത്. യോദ്ധാവ് എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണങ്ങൾ. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ പരമാവധി കേസുകളിൽ ഉൾപ്പെടുത്താതെ വിമുക്തി കേന്ദ്രങ്ങളിലേക്കെത്തിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here