ഉമ്രാന്‍ മാലിക്കിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തു! യുവതാരത്തിനായി വാദിച്ച് മുന്‍ സെലക്റ്റര്‍

0
183

മുംബൈ: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കനത്ത തിരിച്ചടിയാണ് നേരിട്ടത്. പേസര്‍ ജസ്പ്രിത് ബുമ്രയ്ക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് കഴിഞ്ഞദിവസമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ പകരക്കാരനേയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ട് ടി20യില്‍ ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നു.

ഇനിയിപ്പോള്‍ ബുമ്രയ്ക്ക് പകരക്കാരനേയും തിരഞ്ഞെടുക്കേണ്ടി വരും. ഇതിനിടെ ഒരു നിര്‍ദേശം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. ബുമ്രയ്ക്ക് പകരക്കാന്‍ എന്ന പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഉമ്രാന്‍ മാലിക്ക് ലോകകപ്പ് ടീമില്‍ ഉണ്ടായിരിക്കണമെന്നാണ് വെങ്‌സര്‍ക്കാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഉമ്രാന്റെ പേസും ബൗണ്‍സുമാണ് എന്നെ ആകര്‍ഷിക്കുന്നത്. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഉമ്രാനെ പോലെ ഒരു അത്യാവശ്യമാണ്. പന്തെറിയുന്നതിന്റെ വേഗത 130 കിലോമീറ്ററിലേക്ക് കുറയുന്ന കാലത്ത് അദ്ദേഹത്തെ ടീമിലെടുത്തിട്ട് കാര്യമുണ്ടാകില്ല. ഞാനാണെങ്കില്‍ ആ വേഗതയ്ക്ക് മുന്‍ഗണന നല്‍കി താരത്തെ ഉറപ്പായും ടീമിലെടുത്തിരിക്കും. 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന ഈ സമയത്താണ് ഉമ്രാനെ ടീമിലേക്ക് പരിഗണിക്കേണ്ടത്.” വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

അടുത്ത മാസം ഓസ്ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ ഉമ്രാനായിരുന്നു. 14 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ നേടിയ താരം വൈകാതെ ഇന്ത്യന്‍ ടീമിലുമെത്തി. അയര്‍ലന്‍ഡിനെതിരായ ടി20 പോരാട്ടത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം താരത്തിന് ആവര്‍ത്തിക്കാനായില്ല. ഇതോടെ ടീമില്‍ നിന്നൊഴിവാക്കുകയായിരുന്നു.

അതേസമയം, ലോകകപ്പില്‍ സ്‌ക്വാഡില്‍ ദീപക് ചാഹര്‍, മുഹമ്മദ് ഷമി എന്നിവരില്‍ ഒരാള്‍ ഉള്‍പ്പെടാനാണ് സാധ്യത. ഇരുവരും സ്റ്റാന്‍ഡ് ബൈ താരങ്ങളാണ്. സ്വിംഗ് ബൗളറായി ഭുവനേശ്വര്‍ കുമാര്‍ ടീമിലുള്ളതിനാല്‍ ദീപക് ചാഹറിനെക്കാള്‍ പ്രഥമ പരിഗണന മുഹമ്മദ് ഷമിക്കാകുമെന്നാണ് സൂചന. ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ടീമില്‍ ഷമിയുണ്ടായിരുന്നെങ്കിലും കൊവിഡ് ബാധിതനായതിനാല്‍ രണ്ട് പരമ്പരകളിലും കളിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here