ഉപ്പളയിൽ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

0
219

ഹൊസങ്കടി: ഹൊസങ്കടി, ഉപ്പള ദേശിയപാതകളില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം. ബൈക്കിന് മുന്നിലേക്ക് നായ ചാടി യതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മംഗളൂരു ശ്രീനിവാസ കോളേജിലെ വിദ്യാര്‍ത്ഥി ഉപ്പള നയാബസാറിലെ മുസമ്മിലി (20)നാണ് പരിക്ക്. മുഖത്തും കാലിനും പരിക്കേറ്റ മുസമ്മിലിനെ ഉപ്പള സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് ബൈക്കിന് മുന്നിലേക്ക് തെരുവ് നായ ചാടിയത്. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് ദേശീയപാതയില്‍ മറിയുകയായിരുന്നു. മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള ദേശീയപാതയോരങ്ങളില്‍ വലിച്ചെറിപ്പെടുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാന്‍ അതിരാവിലെ എത്തുന്ന തെരുവ് നായക്കൂട്ടം നടന്ന് പോകുന്നവരെയും ബൈക്ക് യാത്രക്കാരെയും ഓടിച്ച് പിന്തുടര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിക്കുന്നത് പതിവാണ്. പലര്‍ക്കും ഈ ഭാഗത്ത് നായകളുടെ കടിയേറ്റിട്ടുണ്ട്. അക്രമിക്കാന്‍ വരുന്ന നായക്ക് കല്ലും മറ്റും എറിയാന്‍ ശ്രമിച്ചാല്‍ കൂട്ടത്തോടെ എത്തി പരാക്രമം കാട്ടുന്നതും പതിവാണ്. മാലിന്യങ്ങളില്‍ നിന്ന് ഭക്ഷിക്കാന്‍ കിട്ടാത്തപ്പോള്‍ നായകള്‍ അക്രമാസക്തരാകുന്നു. നിരവധി വളര്‍ത്തു മൃഗങ്ങളെ അടുത്ത കാലത്തായി കൂട്ടത്തോടെ എത്തുന്ന നായകള്‍ കൂട് തകര്‍ത്ത് കൊന്നൊടുക്കിയിട്ടുണ്ട്. അതിരാവിലെ മദ്രസകളിലേക്കും സ്‌കൂളുകളിലേക്കും പോകുന്ന വിദ്യാര്‍ത്ഥികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. വേണ്ട നടപടി ഇല്ലാത്തത് കാരണം ഇതിനെതിരെ പരാതി കൊടുക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here