ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ ഒരു വികാരമാണ്. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിനോടുള്ള ഇഷ്ടം കാരണം എപ്പോൾ ഐഫോൺ ഇറങ്ങിയാലും ആദ്യം അത് സ്വന്തമാക്കണമെന്ന വാശിയാണ് ധീരജ് എന്ന തൃശൂർ സ്വദേശിക്ക്. ഐഫോൺ 6 ഇറങ്ങിയപ്പോൾ മുതൽ കേരളത്തിൽ നിന്ന് ദുബായിൽ പോയി ആദ്യ ഐഫോൺ മോഡൽ തന്നെ ധീരജ് സ്വന്തമാക്കും. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ദുബായിലെത്തി ഐഫോൺ 14 സ്വന്തമാക്കിയിരിക്കുകയാണ് ഈ 28 കാരൻ.
ആപ്പിൾ എന്ന കമ്പനി ഡിജിറ്റൽ ലോകത്ത് ഉണ്ടാക്കിയ മാറ്റം ചെറുതല്ല. ആദ്യമായി ടച്ച് സ്‌ക്രീൻ ഫോൺ അവതരിപ്പിച്ചത് ആപ്പിൾ കമ്പനിയാണ്. ഇതെല്ലാം ധീരജിനെ വലിയ ആപ്പിൾ ആരാധകനാക്കി. ധീരജ് ആദ്യം ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ഫോൺ ആണ്. ഐഫോൺ 6 പ്ലസ് മുതലാണ് ധീരജ് ഐഫോൺ ഉപയോഗിച്ച് തുടങ്ങിയത്. അതിൽ പിന്നെ ആപ്പിളിന്റേതല്ലാത്ത ഒരു ഫോണും ധീരജ് ഉപയോഗിച്ചിട്ടില്ല. അന്ന് മുതൽ എല്ലാ തവണയും ഐഫോൺ വാങ്ങാൻ ധീരജ് ദുബായിലെത്തും. ലോഞ്ചിന്റെ അന്ന് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പറന്നെത്തുന്ന ധീരജിനായി ഷോറൂം അധികൃതരും കാത്തിരിക്കാറുണ്ടെന്ന് ധീരജ് പറയുന്നു.
‘ആൻഡ്രോയ്ഡ് ഉപയോഗിക്കാൻ എളുപ്പമാണ്. പക്ഷേ സുരക്ഷ കണക്കിലെടുത്താൽ ഐഫോൺ തന്നെയാണ് നല്ലത്. ഒരു തവണ ഐഫോൺ ഉപയോഗിച്ചാൽ പിന്നീടൊരിക്കലും ആൻഡ്രോയിഡിലേക്ക് ആരും മടങ്ങി പോകില്ല. നമ്മൾ റീബോക്കിന്റെ ഒരു ഷൂ വാങ്ങണമെന്ന് ഒരാളോട് പറഞ്ഞാൽ മതി അടുത്ത ദിവസം തൊട്ട് ആൻഡ്രോയ്ഡ് ഫോണിൽ ഫേസ്ബുക്ക് തുറന്നാൽ ഷൂവിന്റെ പരസ്യങ്ങളാകും. അത്രമാത്രം നമ്മുടെ വിവരങ്ങൾ ഇവർ ചോർത്തുന്നുണ്ട്. പക്ഷേ ആപ്പിൾ അങ്ങനെയല്ല’- ധീരജ് പറയുന്നു. ഐഫോണിന് പുറമെ ഐമാക്, ഐപോഡ്, ഐപാഡ് എന്നിങ്ങനെ പല ഉപകരണങ്ങളും ധീരജിന്റെ കൈവശമുണ്ട്.
ഒരു ഫോൺ വാങ്ങാൻ വേണ്ടി മാത്രം ദുബായിലേക്ക് യാത്ര ചെയ്യുന്ന ധീരജിനെ പലരും വിമർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഭ്രാന്താണെന്ന് വരെ ആളുകൾ പറഞ്ഞിട്ടുണ്ട്. എന്നാൽ താൻ തന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നതെന്നും എന്ത് വാങ്ങണമെന്ന് തോന്നിയാലും വാങ്ങുമെന്നും ധീരജ് പറഞ്ഞു.
ധീരജിന് ആപ്പിൾ ഉത്പന്നങ്ങൾ മാത്രമല്ല ഉള്ളത്, ധീരജ് ഒരു ക്യാമറ പ്രേമി കൂടിയാണ്. ഡേർ പിക്‌ചേഴ്‌സ് എന്ന സിനിമാറ്റോഗ്രഫി സ്ഥാപന ഉടമ കൂടിയായ ധീരജിന് വിവിധ തരം ക്യാമറകളുടെ കളക്ഷനുമുണ്ട്. ഹോളിവുഡിൽ നിന്നും റെഡ് ഡിജിറ്റൽ സിനിമ എന്ന കമ്പനി അവരുടെ ഇറങ്ങാത്ത സ്‌പെഷ്യൽ എഡീഷൻ ക്യാമറകൾ അയച്ച് നൽകാറുണ്ട്.
തൃശൂർ അരിമ്പൂർ സ്വദേശിയായ ധീരജ് ഛായാഗ്രഹകനാണ്. വീട്ടിൽ അച്ഛനും അമ്മയും ചേട്ടനുമാണ് ഉള്ളത്.