ആവിക്കല്‍തോട് സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ച പ്രസ്താവന പിന്‍വലിക്കണം; എം.വി. ഗോവിന്ദനോട് കോഴിക്കോട് ഖാദി

0
344

കോഴിക്കോട്: ആവിക്കല്‍തോടില്‍ മലിനജല പ്ലാന്റിനെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മലിനജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് സമസ്ത നേതാവും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് ജുമലുല്ലൈലി തങ്ങള്‍ ആവശ്യപ്പെട്ടു.

ആവിക്കല്‍തോടിലെ സാധാരണ ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും അവിടെ മുസ്‌ലിം സമുദായമെന്ന വേര്‍തിരിവ് ഇല്ലെന്നും ആവിക്കല്‍ തോടില്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെ ഖാദി പറഞ്ഞു.

വര്‍ഗീയ പരാമര്‍ശങ്ങള്‍ ഇനിയും നടത്തുകയാണെങ്കില്‍ സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സമൂഹത്തെ മുഴുവന്‍ തീവ്രവാദികളാക്കി കാണുന്ന പ്രവണത ശരിയല്ലെന്നും എം.വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്ത ജില്ല പ്രസിഡന്റ് എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്.എം.എഫ് ജില്ലാ സെക്രട്ടറി സലാം ഫൈസി മുക്കം, ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി പി. ഹസൈനാര്‍, പി.വി.എ സലാം മൗലവി, സി.പി. ഇഖ്ബാല്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മന്ത്രിയായിരുന്നപ്പോള്‍ ആവിക്കല്‍ത്തോട് സമരത്തെ കുറിച്ച് എംവി ഗോവിന്ദന്‍ സഭയില്‍ ഉന്നയിച്ച അതെ ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചതോടെയാണ് പ്രതിഷേധമുണ്ടായത്.

വിഴിഞ്ഞത്ത് സമരം ചെയ്യുന്നവര്‍ തീവ്രവാദികളല്ലെന്നും എന്നാല്‍ ആവിക്കലില്‍ സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നും കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.

ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണ്. ഉള്ളത് ഉള്ളതുപോലെ പറയുന്നതാണ് പാര്‍ട്ടി രീതി. ദേശീയപാത വിരുദ്ധ സമരത്തിലും തീവ്രവാദ നിലപാടുകാരാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായെക്രിലും നിലപാടില്‍ മാറ്റമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.

ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്തു നിന്നും പദ്ധതി മാറ്റണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തുന്നത്.

എന്നാല്‍ എതിര്‍പ്പ് മറികടന്ന് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കോര്‍പ്പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here