വിദ്യാർഥികൾക്കിടയിലെ ലഹരി വ്യാപനം: കർമപദ്ധതിയുമായി സർക്കാർ

0
198

തിരുവനന്തപുരം: വിദ്യാർഥികൾക്കിടയിലെ ലഹരി വ്യാപനം തടയാൻ കർമപദ്ധതിയുമായി സർക്കാർ. സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെ സമിതികൾക്ക് രൂപം നൽകും. ഒക്ടോബർ രണ്ട് മുതൽ വിപുലമായ കാംപയിൻ ആരംഭിക്കും.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികള്‍ രൂപീകരിക്കും. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും അംഗങ്ങളായ സമിതിയുടെ പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി ഏകോപിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായി ജില്ലാതലസമിതി രൂപീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികള്‍ അദ്ധ്യക്ഷന്മാരും പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരുമായാണ് തദ്ദേശതല സമിതി. പഞ്ചായത്ത്, വാര്‍ഡ്, സ്‌കൂള്‍തല സമിതികള്‍ സെപ്തംബര്‍ 28നകം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

നവംബര്‍ 1ന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിക്കും. ആള്‍ക്കൂട്ടം ഉണ്ടാകുന്ന ബസ്സ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, ലൈബ്രറി, ക്ലബ്ബ് എന്നിവിടങ്ങളില്‍ ജനജാഗ്രതാ സദസ് സംഘടിപ്പിക്കാനും തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here