തിരുവനന്തപുരം: ”ജനാധിപത്യം പുലരട്ടെ, മതേതരത്വം പുലരട്ടെ.. മോദി സർക്കാർ തുലയട്ടെ.. അഭിവാദ്യങ്ങൾ.. അഭിവാദ്യങ്ങൾ.. രാഹുൽ ഗാന്ധിക്കഭിവാദ്യങ്ങൾ…”
മുദ്രാവാക്യം വിളിക്കുന്നത് ഏതെങ്കിലും മലയാളിയല്ല, സാക്ഷാൽ കനയ്യകുമാർ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലാണ് മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് കനയ്യ ശ്രദ്ധനേടിയത്. കനയ്യ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യമാണ് യാത്രാംഗങ്ങൾ ഏറ്റുവിളിക്കുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കമുള്ള നേതാക്കൾ ആവേശത്തോടെ മുദ്രാവാക്യം ഏറ്റുവിളിക്കുന്നത് യൂത്ത് കോൺഗ്രസ് ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ കാണാം.
ബുധനാഴ്ച തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽനിന്ന് പര്യടനം ആരംഭിച്ച യാത്ര ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയിരുന്നു. സ്ഥിരാംഗങ്ങളായി കനയ്യകുമാർ അടക്കമുള്ള നിരവധി യുവനേതാക്കളും രാഹുൽ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ ചേർന്ന് ജാഥയെ സ്വീകരിച്ചു.
ഇന്നു രാവിലെ തിരുവനന്തപുരം പാറശ്ശാലയിൽനിന്നാണ് കേരളത്തിലെ പര്യടനം തുടങ്ങിയത്. മഹാത്മാ ഗാന്ധിയുടെയും കെ. കാമരാജിന്റെയും പ്രതിമകൾക്കുമുൻപിൽ ആദരം അർപ്പിച്ചാണ് രാഹുൽ പദയാത്ര തുടങ്ങിയത്. തമിഴ്‌നാട്ടിൽ നാലു ദിവസമാണ് ഭാരത് ജോഡോ പദയാത്ര സഞ്ചരിച്ചത്.
Look who !!
കനയ്യ കുമാർ മലയാളത്തിൽ മുദ്രാവാഖ്യവുമായി #BharatJodoYatra pic.twitter.com/6XZ6uVVbul
— IYC Kerala (@IYCKerala) September 11, 2022
കേരളത്തിൽ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർവരെ ദേശീയപാതവഴിയും തുടർന്ന് നിലമ്പൂർവരെ സംസ്ഥാനപാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളിൽനിന്നുമുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ ഏഴു മുതൽ 11 വരെയും വൈകീട്ട് നാലു മുതൽ ഏഴുവരെയുമാണ് യാത്രയുടെ സമയക്രമം.