ഹൊസങ്കടി: ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ ഗള്‍ഫുകാരന്‍ നടത്തിയ നാടകം പൊലീസ് പൊളിച്ചു. പരാതിക്കാരനെ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു. വിനയായത് കര്‍ണാടകയില്‍ നിന്ന് കവര്‍ന്ന ബൈക്ക് കത്തിച്ച സംഭവം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മീയാപദവ് ബെജെയിലെ ഗള്‍ഫുകാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ടതായി മഞ്ചേശ്വരം പൊലീസിനോട് ഗള്‍ഫുകാരന്റെ സഹോദരന്‍ ഫോണില്‍ വിളിച്ചു പറഞ്ഞത്. ഉടനെ പൊലീസ് ബെജെയില്‍ എത്തുകയും ഒരു വീടിന് സമീപത്ത് നിന്ന് ഗള്‍ഫുകാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസിനോട് ഗള്‍ഫുകാരന്‍ പറഞ്ഞത് ഇങ്ങനെയാണ്. ഞാന്‍ വീടിന് സമീപത്ത് നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ബലമായി പിടിച്ച് ബൈക്കിലിരുത്തി ഒരു വീട്ടില്‍ വെച്ച് കൈകള്‍ പിറകിലേക്ക് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ വിവരങ്ങള്‍ പൊലീസിന് നല്‍കുന്നുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഞാന്‍ ബഹളം വെച്ചപ്പോള്‍ രണ്ട് പേര്‍ എന്നെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പൊലീസ് ഗള്‍ഫുകാരനെ രാത്രി തന്നെ വീട്ടില്‍ കൊണ്ടു വിടുകയും രാവിലെ പരാതിയുമായി സ്റ്റേഷനിലെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. രാവിലെ പത്ത് മണിയോടെ പരാതിയുമായി ഗള്‍ഫുകാരന്‍ സ്റ്റേഷനിലെത്തുകയും പരാതിയില്‍ തട്ടിക്കൊണ്ടു പോയ രണ്ട് പേരില്‍ ഒരാളുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. 12 മണിയോടെ പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരാള്‍ പൊലീസിനെ ഫോണില്‍ വിളിച്ച് ബെജെയില്‍ ഒരു ബൈക്ക് കത്തിയ നിലയില്‍ കാണുന്നുവെന്ന വിവരം നല്‍കി. പൊലീസ് ബെജെയില്‍ പോയി പരിശോധിച്ചപ്പോള്‍ ബൈക്ക് പൂര്‍ണമായി കത്തിയ നിലയില്‍ കണ്ടെത്തി. ബൈക്കിന്റെ ചേയ്‌സ് നമ്പര്‍ പരിശോധിച്ചപ്പോള്‍ ആര്‍.സി ഉടമ ഉള്ളാള്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. മഞ്ചേശ്വരം പൊലീസ് ഉള്ളാള്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു മാസം മുമ്പ് ഉള്ളാള്‍ ടൗണില്‍ നിന്ന് കവര്‍ന്ന ബൈക്കാണെന്നാണ് പറഞ്ഞത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ഗള്‍ഫുകാരനെ തട്ടിക്കൊണ്ടു പോയ യുവാവിനെ കസ്റ്റഡിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ ഈ യുവാവ് വെളിപ്പെടുത്തിയത് ഇപ്രകാരമാണ്. ഗള്‍ഫുകാരനടക്കം ഞങ്ങള്‍ നാല് പേര്‍ ബെജെയില്‍ വെച്ച് രാത്രി മദ്യപിക്കുന്നതിനിടെ സംഘത്തിലെ ഒരാളോട് ഗള്‍ഫുകാരന്‍ തട്ടിക്കയറുകയും എന്റെ സുഹൃത്തിനോട് സൂക്ഷിച്ച് വേണം കളിക്കാനെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെ ഗള്‍ഫുകാരനും ഞാനും വാക്ക് തര്‍ക്കം നടക്കുകയും മദ്യലഹരിയില്‍ ഞാന്‍ ഓടിച്ചു വന്ന ബൈക്ക് ഞാന്‍ തന്നെ കത്തിക്കുകയും ചെയ്തു. ഞാന്‍ മടങ്ങി പോകുമ്പോള്‍ ബൈക്ക് കത്തിച്ച കേസില്‍ നീ പെടുമെന്ന് ഗള്‍ഫുകാരനെ ഭീഷിണിപ്പെടുത്തിയതായി കസ്റ്റഡിയിലുള്ള യുവാവ് പൊലീസിനോട് പറഞ്ഞു. ബൈക്ക് കത്തിച്ചതില്‍ താനുള്‍പ്പെടുമെന്ന ഭയത്തിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി കഥ ചമച്ചതെന്ന് ഗള്‍ഫുകാരന്‍ പൊലീസിനോട് പറഞ്ഞു. മറ്റു രണ്ട് പേരെ പൊലീസ് കസ്റ്റഡിലെടുത്ത് താക്കീത് ചെയ്തു വിട്ടയച്ചു.
ബൈക്കും യുവാവിനെയും ഉള്ളാള്‍ പൊലീസിന് മഞ്ചേശ്വരം പൊലീസ് കൈമാറി. കവര്‍ന്ന ബൈക്ക് യുവാവിന്റെ കൈയിലെത്തിയത് എങ്ങനെയെന്ന് ഉള്ളാള്‍ പൊലീസ് അന്വേഷിക്കുന്നു.
പൈവളിഗെയില്‍ അബുബക്കര്‍ സിദ്ദിഖിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് ശേഷം തട്ടിക്കൊണ്ടു പോകല്‍ സംഘത്തിനും ഗുണ്ടാസംഘത്തിനുമെതിരെ പൊലീസ് കര്‍ശന നടപടിയാണ് സ്വികരിച്ചു വരുന്നത്.