പാഠ്യപദ്ധതിക്കൊപ്പം ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം നാളുകള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്ന് കേള്‍ക്കുന്നതാണ്. ഈ ആശയത്തെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ പഠിപ്പിക്കാന്‍ പുസ്തകം തയ്യാറാക്കി പുറത്തിറക്കിയിരിക്കുകയാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ്.
ട്രാഫിക് നിയമങ്ങള്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് കഴിഞ്ഞ ദിവസം കൈമാറി. ട്രാഫിക് നിയമങ്ങള്‍ പാഠ്യപദ്ധതയില്‍ ഉള്‍പ്പെടുത്തുന്ന സംവിധാനം രാജ്യത്ത് ഇതാദ്യമാണെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഈ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും മോട്ടോര്‍ വാഹന വകുപ്പ് സംവിധാനം ഒരുക്കും.
റോഡ് നിയമങ്ങള്‍, റോഡിലേയും മറ്റും മാര്‍ക്കിങ്ങുകള്‍, റോഡരികില്‍ നല്‍കിയിട്ടുള്ള സൈനുകള്‍ എന്നിവയും വാഹനാപകട കാരണങ്ങളും നിയമപ്രശ്‌നങ്ങളും റോഡ് സുരക്ഷ സംവിധാനങ്ങള്‍ തുടങ്ങി മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ടവയാണ് പാഠ്യപദ്ധതിയില്‍ പ്രധാനമായും നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ലൈസന്‍സ് എടക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സമഗ്രമായി പഠ്യഭാഗത്ത് ഒരുക്കിയിട്ടുണ്ട്.
ഈ പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഹയര്‍ സെക്കന്ററി പരീക്ഷ പസായി, ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കാന്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ളത് പോലെ പ്രത്യേകമായി ലേണേഴ്‌സ് ലൈസന്‍സ് എടുക്കേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്താന്‍ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കുമെന്നാണ് സൂചനകള്‍.