‘പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന’; പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി ഇഡി

0
369

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി ഇഡി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്ന് ഇഡി ആരോപിച്ചു. ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം ഉള്ളത്. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈയില്‍ ബീഹാറില്‍ നടന്ന റാലിക്കിടെ മോദിയെ വധിക്കാന്‍ നീക്കം നടത്തി എന്നാണ് ഇഡി പറയുന്നത്.

ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചതായി എന്‍ഐഎ  പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതിവിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചെന്ന പരാമര്‍ശവും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പരോക്ഷമായി റിമാന്റ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ സൂചിപ്പിക്കുന്നുണ്ട്. യുവാക്കളെ ഐഎസ്ഐഎസ്, ലഷ്‌കര്‍-ഇ-തോയ്ബ, അല്‍ ഖയ്ദ മുതലായ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രേരിപ്പിക്കുന്നതായും രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഹൈക്കോടതി. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നും കോടതി വ്യക്തമാക്കി. ദേശീയ തലത്തില്‍ എന്‍ എ ഐ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനും തുടര്‍ന്നുള്ള സംഘടനാ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here