തിരുവോണത്തിന് കേവലം ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കേരളത്തില്‍ പച്ചക്കറി വില നിലം തൊടാതെ പറക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നാല് മടങ്ങു വിലയാണ് പച്ചക്കറിക്ക് മാത്രം വര്‍ധിച്ചത്. സര്‍ക്കാരിന്റെ ഇടപെടല്‍ വിപണിയില്‍ കാര്യമായി ഇല്ലാത്തത് വില വര്‍ധനക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
തോന്നും പടിയാണ് വിലവര്‍ധനഅയല്‍ സംസ്ഥാനങ്ങളിലെ ശക്തമായ മഴയും വില കൂടാന്‍ കാരണമായി.ബീന്‍സ് നാടന്‍ പയര്‍ മുരിങ്ങക്കാ വില സെഞ്ച്വറി കടന്നു.കഴിഞ്ഞയാഴ്ച 20 രൂപ ഉണ്ടായിരുന്ന വെണ്ടയ്ക്ക് ഇന്ന് വില 80 രൂപ.തക്കാളി ബീന്‍സ് പടവലം എന്നിവയ്‌ക്കെല്ലാം വില കുത്തനെ കൂടി.ചാല കമ്പോളത്തില്‍ ഇന്നത്തെയും കഴിഞ്ഞ ആഴ്ചത്തെയും വിലവിവരപ്പട്ടിക ഇങ്ങനെ
വെണ്ട- 20..80, തക്കാളി-20..60, ബീന്‍സ് – 45..120, മുരിങ്ങക്ക-.30..100, നാടന്‍ പയര്‍- 70..140, പടവലം- 30.. 60
ഓണമടുത്തതോടെ ഏത്തയ്ക്ക വില നൂറിലേക്ക് അടുക്കുകയാണ്. നാടന്‍ ഏത്തക്കയ്ക്കു വിപണി വില തൊണ്ണൂറു മുതല്‍ നൂറു വരെയാണ്. മേട്ടുപ്പാളയം കായകള്‍ക്കു മൊത്തവില കിലോയ്ക്ക് 60 രൂപയും ചില്ലറവില 70 രൂപയുമാണ്. വയനാട്, മേട്ടുപ്പാളയം, മൈസൂര്‍, കോയമ്പത്തൂര്‍, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളില്‍നിന്നാണു ഏത്തയ്ക്ക എത്തുന്നത്. ഓണമടുത്തതോടെ വില ഇനിയും ഉയര്‍ന്നേക്കും.
കനത്തമഴയില്‍ നാശമുണ്ടായതിനെത്തുടര്‍ന്ന് നാടന്‍ പച്ചക്കറി വരവു കുറഞ്ഞതോടെ മറുനാടന്‍ പച്ചക്കറികള്‍ തന്നെയാകും ഓണവിപണി കീഴടക്കുക.