ദേഷ്യം ഇനി ഹോണിൽ തീർക്കണ്ട, ബ്രേക്കിന് പകരമല്ല ഹോൺ; അനാവശ്യ ഹോണിന് 2000 രൂപ പിഴ

0
192

റോഡുകളിലേക്ക് വാഹനവുമായി ഇറങ്ങുമ്പോള്‍ തന്നെ പലര്‍ക്കും പേടിയാണ്. എയര്‍ഹോണ്‍ നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും നിരത്തുകളിലുള്ള ഒട്ടുമിക്ക സ്വകാര്യ ബസുകളിലും ലോറികളിലും ഇന്നും ഇത് ഉപയോഗിക്കുന്നുണ്ട്. ഇനി അഥവാ എയര്‍ഹോണ്‍ ഇല്ലെങ്കിലും വലിയ ശബ്ദമുള്ള മറ്റ് ഹോണുകള്‍ ഉറപ്പായും കാണും. ഇത് ഓട്ടോറിക്ഷ മുതല്‍ ബസുകള്‍ വരെ എല്ലാ വാഹനത്തിലുമുണ്ട്. എത്ര തിരക്കുള്ള റോഡിലും ചെറിയ വാഹനങ്ങളുടെ പിന്നിലെത്തി ഈ ഹോണടിച്ച് പേടിപ്പിക്കുന്നതാണ് പല ഡ്രൈവര്‍മാരുടെയും വിനോദം.

ലേണേഴ്‌സ് ലൈസന്‍സിനായി പഠിക്കുമ്പോള്‍ തന്നെ ഹോണ്‍ എങ്ങനെ, എപ്പോള്‍ ഉപയോഗിക്കണമെന്ന് കൃത്യമായി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവരെ ബുദ്ധമുട്ടിക്കുന്നത് പോലെ ഹെവി ലൈസന്‍സ് ഉള്‍പ്പെടെയുള്ളവര്‍ ഹോണ്‍ അടിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് പറയാനും സാധിക്കില്ല. ആര്‍ക്കൊക്കെ എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടായാലും സ്വന്തം വഴി ക്ലിയര്‍ ആക്കണമെന്ന ചിന്താഗതിയില്‍ നിന്നാണ് പല ഡ്രൈവര്‍മാരും മറ്റുള്ളവരെ പേടിപ്പിക്കുന്നത് പോലെ ഹോണ്‍ മുഴക്കുന്നത്.

അനാവശ്യമായി ഹോണ്‍ മുഴക്കുന്നതിനെതിരേ ബോധവത്കരണങ്ങളും ക്യാമ്പയിനുകളും നടത്തി ഫലം കാണാതെ വന്നതോടെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് പോലീസ്. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 194 എഫ് പ്രകാരം അനാവശ്യമായും തുടര്‍ച്ചയായും ആവശ്യത്തിലധികമായി ഹോണ്‍ മുഴക്കുന്നത് കുറ്റകരമാണ്. ഇതിനുപുറമെ, നോ ഹോണ്‍ ബോര്‍ഡ് ഉള്ള സ്ഥലങ്ങളില്‍ ഹോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഈ നിയമലംഘനത്തിന് 1000 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ഇത് 2000 രൂപയാകും.

അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍ക്കുള്ള പോലീസ് മുന്നറിയിപ്പ്

ബ്രേക്ക് ചവിട്ടുന്നതിലും എളുപ്പം ഹോണ്‍ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവര്‍മാരും. ഹോണ്‍ നീട്ടി മുഴക്കിയില്ലെങ്കില്‍ എന്തോ കുറവ് പോലെയാണവര്‍ക്ക്. ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കുന്നവര്‍, റെയില്‍വേ ഗേറ്റില്‍, ട്രാഫിക്ക് ബ്ലോക്കില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാന്‍ കഴിയൂ. അത് ഉറപ്പായി അറിയിട്ടും അനാവശ്യമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാരേയും നാം നിരത്തുകളില്‍ കാണാറുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഹോണ്‍. എന്നാല്‍, ചിലര്‍ ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കുന്ന തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയാണ്. തുടര്‍ച്ചയായി കേള്‍ക്കുന്ന ഹോണ്‍ ശബ്ദം മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ എന്ത് ചെയ്യണമെന്ന് ആശയം കുഴപ്പമുണ്ടാകാറുണ്ട്. ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. ഇതിനുപുറമെ, ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടവുമാണ് ഈ തുടര്‍ച്ചയായ ഹോണ്‍ മുഴക്കല്‍.

ഹോണ്‍ ശബ്ദം ശല്യത്തേക്കാള്‍ ഉപരി ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ ഒരു കാര്യം കൂടിയാണ്. പ്രത്യേകിച്ച് എയര്‍ഹോണും ശബ്ദപരിധി പാലിക്കാത്തവയും. സാവാധാനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേള്‍ക്കുന്നതിന്റെ ദൂഷ്യഫലം. ദീര്‍ഘനേരം ഹോണ്‍ ശബ്ദം ചെവിയില്‍ മുഴങ്ങുന്നത് പെട്ടെന്ന് തീരുമാനം എടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇത് അപകടം ഉണ്ടാകാനും കാരണമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here