ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓരോ ദിവസവും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുവരികയാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങള്‍ തീയതി അടിസ്ഥാനത്തില്‍ തെരയാന്‍ സാധിക്കുന്ന തരത്തിലുള്ള ഫിച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്.
ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വാട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്.
ചാറ്റില്‍ ഒരു സന്ദേശം സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന കീബോര്‍ഡിന് മുകളിലായി ഒരു കലണ്ടര്‍ ബട്ടന്‍ നല്‍കിയിട്ടുണ്ടാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തീയതി തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കാണാം. തീയതി തെരഞ്ഞെടുത്താല്‍ പ്രസ്തുത തീയതിയില്‍ വന്ന സന്ദേശങ്ങള്‍ കാണാം.
രണ്ട് വര്‍ഷം മുമ്പ് തന്നെ ഈ ഫീച്ചറിനുള്ള ശ്രമം വാട്‌സാപ്പ് നടത്തിയിരുന്നുവെന്നും പിന്നീട് അത് ഒഴിവാക്കുകയായിരുന്നുവെന്നും വാബീറ്റ ഇന്‍ഫോ പറയുന്നു. ഉടന്‍ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്.