ട്വിറ്ററിലും ‘കിംഗ്’ ആയി കോലി, അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റര്‍

0
265

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ട്വിറ്ററിലും ചരിത്രനേട്ടം. ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് കോലി ഇന്ന് സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ കോലിക്ക് 21.1 കോടി ഫോളോവേഴ്സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ക്രിക്കറ്റ് താരവും ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന മൂന്നാമത്തെ കായികതാരവുമാണ് കോലി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(45 കോടി), ലിയോണല്‍ മെസി(33.3 കോടി) എന്നിവര്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ കോലിയെക്കാള്‍ മുന്നിലുള്ള കായിക താരങ്ങള്‍. ഫേസ്ബുക്കില്‍ കോലിക്ക് 4.9 കോടി ഫോളോവേഴ്സാണുള്ളത്. ഇതോടെ പ്രധാനപ്പെട്ട മൂന്ന് സമൂഹമാധ്യമങ്ങളിലുമായി കോലിയെ പിന്തുടരുന്നവരുടെ എണ്ണം 31 കോടിയായി.

ഏഷ്യാ കപ്പിന് മുമ്പ് മോശം ഫോമിലായിരുന്ന വിരാട് കോലി ഏഷ്യാ കപ്പില്‍ രണ്ട് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും നേടി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കോലിയുടെ ആദ്യ രാജ്യാന്തര സെഞ്ചുറിയും ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയുമാണ് ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയത്. 1010 ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ കോലി ഇതിന് മുമ്പ് സെഞ്ചുറി നേടിയത്. സെഞ്ചുറി നേട്ടത്തിനുശേഷം നായകന്‍ രോഹിത് ശര്‍മക്കും തന്നെ പിന്തുണച്ച ടീം മാനേജ്മെന്‍റിനും കോലി പ്രത്യേകം നന്ദി പറയുകയും ചെയ്തിരുന്നു.

രാജ്യാന്തര ക്രിക്കറ്റിലെ 71-ാം സെഞ്ചുറി തികച്ച കോലി സെഞ്ചുറികളുടെ എണ്ണത്തില്‍ റിക്കി പോണ്ടിംഗിന്‍റെ സെഞ്ചുറി നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു. 100 സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രാണ് സെഞ്ചുറികളുടെ എണ്ണത്തില്‍ ഇനി കോലിക്ക് മുന്നിലുള്ളത്. അഫ്ഗാനെതിരെ 61 പന്തില്‍ 122 റണ്‍സുമായി പുറത്താകാതെ നിന്ന കോലി ടി20 ക്രിക്കറ്റിലെ ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്കോറും സ്വന്തം പേരിലാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here