തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയ്ക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി ശിക്ഷ ശരിവെച്ചു.
അതേസമയം, ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചന്ദ്രബോസിനെ കൊല്ലാന്‍ നിഷാം ഉപയോഗിച്ച ആഡംബര കാറായ ഹമ്മള്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിന്റെ ഉടമ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.
2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിന് നേരെ ആഢംബര കാറിടിച്ച് കയറ്റിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയില്‍ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതുവരെ വിവാദമായി. വിയ്യൂരും, കണ്ണൂര്‍ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലാണ് കഴിയുന്നത്.