വാരാണസി∙ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്നു വാരാണസി ജില്ലാ കോടതി പ്രാഥമിക വിധി പ്രസ്താവിക്കും. ഹർജികൾ നിലനിൽക്കുമോ എന്ന തർക്കത്തിലാണ് വിധി പറയുക. വിഷയത്തിൽ ഇരു വിഭാഗത്തിന്റെയും വിശദമായ വാദം വാരാണസി ജില്ലാ കോടതിയിൽ നേരത്തേ പൂർത്തിയായിരുന്നു.
പള്ളി പരിസരത്ത് പൂജ നടത്താൻ അനുവദിക്കണമെന്നു കാട്ടി നാലു ഹിന്ദു സ്ത്രീകൾ ഹർജി നൽകിയിരുന്നു. ഇതിനെതിരെ അൻജുമാൻ ഇന്താസാമിയ കമ്മിറ്റി നൽകിയ ഹർജിയിലാണ് വിധിയുണ്ടാകുക. ഇരുവിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടായേക്കാവുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 12 വരെ വിധിപറയുന്നത് ജില്ലാ ജഡ്ജി എ.കെ. വിശ്വേഷ് മാറ്റിവയ്ക്കുകയായിരുന്നു. ഗ്യാൻവാപി പള്ളി വഖഫിന്റെ സ്വത്താണെന്നും സ്ത്രീകളുടെ ഹർജി നിലനിൽക്കില്ലെന്നതുമാണ് പള്ളി കമ്മിറ്റിയുടെ വാദം.