കൊച്ചി: മുർഷിദാബാദിലെ ജലംഗിക്കാർക്ക് പോത്ത് വളർത്തലിനോടാണ് ഇപ്പോൾ പ്രിയം. മികച്ച വരുമാനം നേടുകയല്ല ലക്ഷ്യം. ലഹരിക്കടത്താണ് ! ബംഗ്ലാദേശിൽ നിന്ന് ‘ബംഗ്ലാ ബ്രൗൺഷുഗർ’ കടത്താൻ ലഹരിമാഫിയ പോത്തുകളെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് അതിർത്തി ഗ്രാമമായ ജലംഗിക്കാർ പോത്തുകർഷരാകാൻ തുടങ്ങിയത്. കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായ കേസിൽ എക്സൈസ് സംഘം നടത്തിയ അന്വേഷണമാണ് രാജ്യത്തേക്ക് ബംഗ്ലാ ബ്രൗൺഷുഗർ എത്തുന്ന പോത്തിടപാടിലേയ്ക്ക് വെളിച്ചം വീശിയത്.
അതിരാവിലെ പോത്തുകളുമായി ബംഗ്ലാദേശ് അതിർത്തിയിൽ എത്തുകയാണ് ആദ്യം ചെയ്യുന്നത്. ആധാർ കാർഡ് നൽകി അതിർത്തി കടക്കും. കാലിമേയ്ക്കാനും മറ്റും അതിർത്തികടക്കാൻ ഇവർക്ക് അനുവാദമുണ്ട്. സന്ധ്യയോടെ തിരികെ വരുമ്പോൾ പോത്തുകൾക്ക് ഇടയിലൂടെ ലഹരിമരുന്നുമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതാണ് ഒരു രീതി. പോത്തുകളുടെ ശരീരത്തിൽ ലഹരിപ്പൊതികൾ പതിപ്പിച്ചും കടത്തുന്നുണ്ട് . ഇരുട്ടുവീഴുന്നതോടെ പെട്ടെന്ന് ഇത് തിരിച്ചറിയാനും കഴിയില്ല.
പ്രതിദിനം ആയിരത്തിലധികം പോത്തുകളെയാണ് ഇത്തരത്തിൽ ലഹരി കടത്തിന് ഉപയോഗിക്കുന്നത്. താരതമ്യേന കാര്യമായ സുരക്ഷാസംവിധാനമില്ലാത്ത ബ്രഹ്മപുത്ര നദിയോട് ചേർന്നുള്ള ചെക്ക്പോസ്റ്റിലൂടെയാണ് ലഹരി കടത്ത്. സുരക്ഷാ ജീവനക്കാരും അവിടെ കുറവാണ്. ഇങ്ങനെ കടത്തുന്ന ലഹരിവസ്തുക്കളാണ് കേരളത്തിലേക്ക് ഉൾപ്പെടെ എത്തിക്കുന്നത്. പോത്തുകളെ ഉപയോഗിച്ച് കടത്തിക്കൊണ്ടുവരുന്ന ബംഗ്ലാ ബ്രൗൺഷുഗർ വീടുകളിൽ വച്ചാണ് പാക്ക് ചെയ്യുന്നത്. ഇവിടെയിത് കുടിൽ വ്യവസായം പോലെയാണ്.
പാസിന്റെ മറവിൽ
ബ്രഹ്മപുത്രയുടെ കൈവഴിയായ പദ്മാനദീതീര ഗ്രാമമാണ് ജലംഗി. പദ്മനദിക്ക് അക്കരെ ബംഗ്ലാദേശാണ്. ജലംഗിയിലെ ഭൂരിഭാഗം ജനങ്ങളും ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. അധികവും കർഷകർ. ജലംഗി നിവാസികളുടെ ബന്ധുക്കൾ ഏറെയും ബംഗ്ലാദേശിലാണ്. പ്രത്യേക അനുമതിയോടെ ഇവർക്ക് ബംഗ്ലാദേശിലേക്ക് പോകാം. സാധാരണ ശൈത്യകാലത്താണ് ഇവിടത്തുകാർ ബന്ധുക്കളെ കാണാൻ ബംഗ്ലാദേശിലേക്ക് പോകുന്നത്. ഈ സമയം പദ്മനദിയിൽ വെള്ളം തീരെ കുറവായിരിക്കും. ക്ഷീരകർഷകർ പതിവായി പോത്തുകളെയടക്കം നദിക്ക് അക്കരെ എത്തിച്ചാണ് മേയ്ക്കുന്നത്. ഇതിന് പ്രത്യേകം അനുവദിച്ച പാസിന്റെ മറവിലാണ് ലഹരി കടത്തുന്നത്.
കടത്താൻ യുവാക്കൾ
മുർഷിദാബാദിൽ മയക്കുമരുന്ന് വില്പനയും മറ്റും സാധാരണമാണ്. ചെറിയ പീടികകളിൽ വരെ ലഹരിമരുന്ന് സുലഭം. യുവാക്കളെ ഉപയോഗിച്ചാണ് കടത്ത്. ഒരുതവണ മയക്കുമരുന്നുമായി കേരളത്തിലെത്തുന്നവർക്ക് പോക്കറ്റ് നിറയെ പണമാണ് നൽകുന്നത്. പലരും ദമ്പതികളായാണ് ലഹരിക്കടത്തിനെത്തുന്നത്. മാസത്തിൽ അഞ്ച് തവണ വരെ ലഹരിക്കടത്തുന്നവർ മുർഷിദാബാദിലുണ്ടത്രെ.