കറിപൗഡറുകളിലെ രാസവസ്തുക്കൾ: പരിശോധന കർശനമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
213

സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ( Human Rights Commission calls for stricter testing ).

സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ബാധ്യതയുണ്ടെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ഉത്തരവ് നൽകി.

അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കളിലും കവറിലടച്ചു വരുന്ന ഭക്ഷ്യസാധനങ്ങളിലും അപകടകരമായ രീതിയിൽ മായം കലർത്തുന്നുവെന്നാരോപിച്ച് ജനകീയ അന്വേഷണ സമിതിക്ക് വേണ്ടി ടി.എൻ.പ്രതാപൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇതേ വിഷയത്തിൽ 2019 ഫെബ്രുവരി 5ന് കമ്മീഷൻ ഒരുത്തരവ് പാസാക്കിയിരുന്നു.

ജില്ലാതല ഫുഡ് സേഫ്റ്റി സ്ക്വാഡുകൾ അടിയന്തിരമായി രൂപീകരിച്ച് കർശന പരിശോധനകൾ നടത്തണമെന്ന് 2019 ഫെബ്രുവരി 5 ന് കമ്മീഷൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. ഭക്ഷ്യ വസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗവും രാസവസ്തുക്കൾ ചേർക്കുന്നതും ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

പരിശോധനകൾ നിർബാധം തുടരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു. ഈ ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here