കടുപ്പിച്ച് തന്നെ കേന്ദ്രം; ക്യാമ്പസ് ഫ്രണ്ട് അടക്കം പോപ്പുലര്‍ ഫ്രണ്ടിന്‍റെ 8 അനുബന്ധ സംഘടനകൾക്കും നിരോധനം

0
214

ദില്ലി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെ കൂടെ നിരോധിച്ച് കേന്ദ്രം. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് ഈ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനമെന്നുള്ളതാണ് ശ്രദ്ധേയം. വിവിധ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി  നടത്തിയ റെയ‍്ഡിൽ 106  പേർ അറസ്റ്റിലായിരുന്നു.

കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നത്. രാജ്യവ്യാപക റെയ്ഡിന് പിന്നാലെ പിഎഫ്ഐയെ നിരോധനത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതെന്നുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു. രാജ്യവ്യാപക പരിശോധനയില്‍ പിഎഫ്ഐക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ ഭാഗമായാണ് നിരോധന നടപടിയെന്നുമാണ് വ്യക്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here