എന്താണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ? ചരിത്രം ഇങ്ങനെ!

0
281

രാജ്യവ്യാപകമായി നടന്ന എൻഐഎ റെയ്ഡ‍ിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിരിക്കുകയാണ് കേന്ദ്രം. അ‍ഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിനും ക്യാമ്പസ് ഫ്രണ്ട് അടക്കമുള്ള എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന് ഭീഷണിയെന്ന പേരിൽ നിരോധിച്ച പോപ്പുലർ ഫ്രണ്ട് യഥാർത്ഥത്തിൽ എന്താണ് ?

എന്താണ് പിഎഫ്ഐ ?

2007 ൽ ആണ് പിഎഫ്ഐ രൂപീകരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മൂന്ന് മുസ്ലിം സംഘടനകൾ കൂടിച്ചേർന്നായിരുന്നു ദേശീയ തലത്തിൽ പിഎഫ്ഐ എന്ന സംഘടനയുടെ രൂപീകരണം. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഇൻ കേരള (എൻഡിഎഫ്), കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെഎഫ്ഡി), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (എംഎൻപി) എന്നീ സംഘടനകൾ ചേർന്നാണ് പിഎഫ്ആയുടെ ഉദയം. 2006 ൽ കോഴിക്കോട് നടന്ന യോ​ഗത്തിലാണ് മൂന്ന് സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടാകുന്നത്. 2007 ഫെബ്രുവരി 16ന് ബെം​ഗളുരുവിൽ നടന്ന ‘എംപവർ ഇന്ത്യ കോൺഫറൻസ്’ എന്ന് പേരിട്ട റാലിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന ഔദ്യോ​ഗികമായി പ്രഖ്യാപിക്കപ്പെട്ടു.

സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് (സിമി)യുടെ നിരോധനത്തിന് ശേഷമാണ് പിഎഫ്ഐ രൂപീകരിക്കപ്പെട്ടത്.  2001ൽ ആണ് സിമി നിരോധിക്കപ്പെട്ടത്. തുടക്കത്തിൽ, ന്യൂനപക്ഷ, ദളിത് വിഭാ​ഗങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് പിഎഫ്ഐ വ്യക്തമാക്കിയിരുന്നത്. കർണാടകയിൽ കോൺ​ഗ്രസ്, ബിജെപി, ജെഡിഎസ് എന്നീ മുഖ്യധാരാ പാർട്ടികളെ വിമർശിച്ചിരുന്നു പിഎഫ്ഐ. എന്നാൽ മുസ്ലിം വിഭാ​ഗത്തിന്റെ വോട്ട് ലഭിക്കാൻ തെരഞ്ഞെടുപ്പിൽ ഇവരുടെ പിന്തുണ തേടുന്നുവെന്ന് ഈ മുഖ്യധാരാ പാർട്ടികളെല്ലാം പരസ്പരം  ആരോപണം ഉന്നയിച്ചിരുന്നു.

പിഎഫ്ഐ ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ആർഎസ്എസിനെയും വിഎച്ച്പിയെയും പോലെ മതകാര്യങ്ങളിൽ മാത്രമാണ് നേരിട്ട് പ്രവർത്തിച്ചിരുന്നത്. മാത്രമല്ല, പിഎഫ്ഐ ഒരിക്കലും തങ്ങളുടെ അം​ഗങ്ങളുടെ റെക്കോർഡ് സൂക്ഷിക്കാറില്ല. ഇതിനാൽ തന്നെ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ സംഘടനയിലേക്ക് എത്തുന്നത് പൊലീസിനും ഏജൻസികൾക്കും എളുപ്പമായിരുന്നില്ല. 2009 ൽ പിഎഫ്ഐയിൽ നിന്ന് എസ്ഡിപിഐ എന്ന സംഘടന പുറത്തുവന്നു. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെട്ടും തെരഞ്ഞെടുപ്പിൽ സാന്നിധ്യമായും പിന്നീട് ഇത് മാറി. എസ്ഡിപിഐയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ അടിത്തട്ടിൽ പിഎഫ്ഐ സാന്നിധ്യം പ്രകടമായിരുന്നു.

പിന്നീടങ്ങോട്ട് തീവ്ര ഇസ്ലാമിക് ഗ്രൂപ്പ് എന്ന രീതിയിലാണ് പിഎഫ്ഐ കണക്കാക്കപ്പെട്ടത്. നിരോധിക്കപ്പെട്ട സിമിയുമായി ചില പിഎഫ്ഐ സ്ഥാപക നേതാക്കൾക്കുണ്ടായിരുന്ന ബന്ധം കൂടി വെളിച്ചത്ത് വന്നതോടെ ഈ ആരോപണം ബലപ്പെട്ടു. 2001 സെപ്തംബറിൽ നിരോധിച്ച സിമിയുടെ രേഖകളും ഓഫീസുകളും പിടിച്ചെടുക്കുകയും അംഗങ്ങളെ ജയിലിടക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ പോപ്പുലർ ഫ്രണ്ട്!

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സാന്നിദ്ധ്യം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുകളിലാണ്. കൊലപാതകം, കലാപം, ഭീഷണിപ്പെടുത്തൽ, തീവ്രവാദ സംഘടനകളുമായുള്ള ബന്ധം എന്നിവ കേരളത്തിൽ സംഘടനയ്ക്ക് നേരെ ആരോപിക്കപ്പെട്ടിരുന്നു. 2012 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേരള സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്, ‘പിഎഫ്ഐ സിമിയുടെ മറ്റൊരു പതിപ്പാണ്’ എന്നാണ്. പിഎഫ്ഐ പ്രവർത്തകർ 27 കൊലപാതകക്കേസുകളിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതലും സിപിഎം, ആർഎസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. ഈ കൊലപാതകങ്ങളെല്ലാം വര്‍ഗീയ ലക്ഷ്യത്തോടെയായിരുന്നുവെന്നും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

മതപരിവർത്തനം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ ഇസ്ലാമികവൽക്കരിക്കുകയാണ് പിഎഫ്ഐയുടെ അജണ്ടയെന്ന് രണ്ട് വർഷത്തിന് ശേഷം 2014ൽ, മറ്റൊരു സത്യവാങ്മൂലത്തിൽ കേരളസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പുറമെ ഇസ്‌ലാമിന്റെ ശത്രുക്കളായ വ്യക്തികളെ തിരഞ്ഞെടുത്ത് ഉന്മൂലനം ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി മുസ്‌ലിം യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സംഘടനയ്ക്കെതിരെ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.

പിഎഫ്ഐ മുഖപത്രമായ തേജസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. 2013 മുതൽ സർക്കാർ പരസ്യങ്ങൾ പത്രത്തിന് നൽകുന്നില്ലെന്ന് കാണിച്ചാണ് തേജസ് ഹർജി നൽകിയത്. സംസ്ഥാനത്തെ 27 വർഗീയ കൊലപാതകങ്ങളിലും 86 കൊലപാതകശ്രമക്കേസുകളിലും 106 വർഗീയ സ്വഭാവമുള്ള കേസുകളിലും പിഎഫ്ഐയിൽ ലയിച്ച എൻഡിഎഫിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു സർക്കാർ.

LEAVE A REPLY

Please enter your comment!
Please enter your name here