എത്ര ചോദിച്ചിട്ടും യുവാവ് പറഞ്ഞുകൊണ്ടിരുന്നത് ഒമ്പത് അക്ക നമ്പർ മാത്രം, ഒടുവിൽ പൊലീസ് ബുദ്ധിയിൽ പത്താമത്തെ നമ്പർ കണ്ടുപിടിച്ചു, പിന്നാലെയായിരുന്നു ട്വിസ്റ്റ്, നടന്നത് സിനിമകളെ വെല്ലും സംഭവം

0
355

തിരുവനന്തപുരം: കള്ളനെന്ന് കരുതി കസ്റ്റഡിയിലെടുത്ത അന്യസംസ്ഥാനക്കാരന് രക്ഷകരായി പേട്ട പൊലീസ്. 25നാണ് സംഭവങ്ങളുടെ തുടക്കം. 25ന് വൈകിട്ട് മൂന്നിന് പേട്ട മുത്തുമാരിയമ്മൻ കോവിലിന് സമീപം തറയിൽ ഹൗസെന്ന വീട്ടിൽ അന്യസംസ്ഥാനക്കാരൻ ഗേറ്റ് ചാടിക്കടന്നെന്നും വീട്ടമ്മ ബഹളം വച്ചതോടെ ഇയാൾ രക്ഷപ്പെട്ടെന്നുമുള്ള വിവരം പേട്ട സ്റ്റേഷനിലെത്തി. പൊലീസ് സംഭവത്തിന്റെ സി.സി.ടി.വി ദൃ‌ശ്യങ്ങൾ ശേഖരിച്ചു. വൈകിട്ട് നാലോടെ ചാക്കയിലെ കാർ സർവീസ് സെന്ററിൽ നിന്ന് ഒരാൾ കാറുമായി കടക്കാൻ ശ്രമിച്ചെന്നും ഇയാളെ ഉടമയും മറ്റ് തൊഴിലാളികളും ചേർന്ന് പിടികൂടിയെന്ന വിവരവും പൊലീസിന് ലഭിച്ചു. സ്ഥലത്തെത്തിയ പേട്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ദേഹമാസകലം ചരടുകെട്ടി മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന യുവാവ് പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. വിശദമായ പരിശോധനയിൽ ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബോദ്ധ്യപ്പെട്ട പൊലീസ് ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലാക്കാൻ തീരുമാനിച്ചു. ഒരു പൊലീസുകാരനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു. ഹിന്ദി അടക്കമുള്ള ഭാഷകൾ വശമുണ്ടായിരുന്ന പൊലീസുകാരൻ ഇയാളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഒരു 9 നമ്പർ ഇയാൾ നിരന്തരം പറയുന്നുണ്ടായിരുന്നു. ഇത് ഫോൺ നമ്പറായിരിക്കാമെന്ന സംശയത്തിൽ പൊലീസുകാർ പത്താമത്തെ അക്കം കണ്ടെത്താൻ ശ്രമം തുടങ്ങി.

നിരവധി അക്കങ്ങൾ കൂട്ടിച്ചേർത്ത് പരിശോധിച്ചും വിളിച്ചും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ പഞ്ചാബ് വിലാസമുള്ള ഒരു നമ്പർ ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ അതിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തമിഴ്നാട്ടിലായിരുന്നു അവസാനമായി പ്രവർത്തന ക്ഷമമായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടെലികോം കമ്പനിയിൽ നിന്ന് ഈ നമ്പർ എടുക്കാനായി നൽകിയിരുന്ന രണ്ട് ബദൽ നമ്പറുകൾ ലഭിച്ചു. ഇതിലൊരെണ്ണം സ്വിച്ച് ഓഫായിരുന്നു. എന്നാൽ മറ്റേതിൽ ബന്ധപ്പെട്ടപ്പോൾ പഞ്ചാബ് സ്വദേശിയായ ഒരാൾ ഫോണെടുത്തു. പൊലീസുകാർ വിവരം ധരിപ്പിച്ചു.

പിന്നാലെയായിരുന്നു ട്വിസ്റ്റ്. കാൾ എടുത്തത് യുവാവിന്റെ പിതാവും പഞ്ചാബ് ഗുരുദാസ്‌പൂർ സ്വദേശിയുമായ കുൽവിന്ത് സിംഗായിരുന്നു. കാണാതായ മകൻ ഗുരുവീന്ദറിനെ ആറുമാസമായി കുടുംബം അന്വേഷിക്കുകയായിരുന്നു. ഇയാൾ അവിടെയും ചികിത്സയിലായിരുന്നു. തുടർന്ന് പൊലീസുകാർ 26കാരനായ മകനെ വീഡിയോ കാളിൽ കാണിച്ചുകൊടുത്തു. 28ന് പിതാവ് തലസ്ഥാനത്തെത്തി ഗുരുവീന്ദറിനെ ആശുപത്രിയിൽ സന്ദർശിച്ചു. ചികിത്സ പൂർത്തിയായശേഷം മകനെ തിരികെ കൊണ്ടുപോകാമെന്ന് പിതാവ് വ്യക്തമാക്കി. തലസ്ഥാനത്ത് തുടരുന്ന കുൽവിന്ത് സിംഗിന് പൊലീസാണ് താമസ സൗകര്യമൊരുക്കിയത്. സി.ഐ റിയാസ് രാജ, എസ്.ഐ സുനിൽ, സി.പി.ഒമാരായ ശ്രീജിത്ത്, രാജാറാം, ഷമി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here