ഉപ്പള: ഉപ്പളയില്‍ ഒരു ഇടവേളക്ക് ശേഷം കഞ്ചാവ് സംഘം പിടിമുറുക്കുന്നു. കര്‍ണാടക സ്വദേശിയെ മൊബൈല്‍ ഫോണും പണവും കവര്‍ന്നതിന് ശേഷം വീട്ടില്‍ കെട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ് കര്‍ണാടക സ്വദേശിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്നലെ ഉപ്പള പത്വാടി കണ്‍ച്ചിലയിലാണ് സംഭവം. രാവിലെ 11 മണിയോടെ ഉപ്പളയില്‍ നില്‍ക്കുകയായിരുന്ന കുന്താപുരം സ്വദേശിയായ കൂലിപ്പണിക്കാരനെയാണ് കഞ്ചാവ് ലഹരിയിലെത്തിയ മൂന്നംഗ സംഘം കവര്‍ച്ചയ്ക്കിരയാക്കിയത്.
മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തോട് മൊബൈല്‍ ആവശ്യപ്പെട്ട് ഓട്ടോയില്‍ ചാടിക്കയറിയ കുന്താപുരം സ്വദേശിയെ ഓട്ടോയില്‍ ബലമായി പിടിച്ച് കയറ്റുകയും പിന്നീട് പത്വാടി കണ്‍ച്ചിലയിലെ കാട് കയറിയ സ്ഥലത്തെ ആള്‍താമസമില്ലാത്ത ഓട് പാകിയ വീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവത്രെ. തുടര്‍ന്ന് കീശയിലുണ്ടായിരുന്ന പണം കവര്‍ന്നതിന് ശേഷം വീട്ടിനകത്തെ ജനല്‍ കമ്പിയില്‍ കൈകള്‍ കെട്ടിയിട്ടു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്.
അബോധാവസ്ഥയിലായ കര്‍ണാടക സ്വദേശിക്ക് വൈകിട്ടോടെയാണ് ബോധം തിരിച്ചുകിട്ടിയത്. വീട്ടിനകത്ത് നിന്ന് നിലവിളികേട്ട ഒരു സ്ത്രീയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. പിന്നീട് പൊലീസിലും വിവരം അറിയിച്ചു. മഞ്ചേശ്വരം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.സന്തോഷ് കുമാറും സംഘവും എത്തിയാണ് കെട്ട് അഴിച്ച് മാറ്റി യുവാവിനെ സ്‌റ്റേഷനില്‍ എത്തിച്ചത്. യുവാവിന് പരാതി ഇല്ലാത്തിനെ തുടര്‍ന്ന് രാത്രി തന്നെ വിട്ടയച്ചു. പൊലീസിന്റെ കര്‍ശന നടപടികളെ തുടര്‍ന്ന് കഞ്ചാവ് സംഘം നേരത്തെ ഉള്‍വലിഞ്ഞിരുന്നു.
സംഘം വീണ്ടും സജീവമായതോടെ നാട് ഭീതിയിലാണ്. രാത്രി കാലങ്ങളില്‍ കഞ്ചാവ് ലഹരിയില്‍ ഒരു സംഘം നേരം പുലരും വരെ ഉപ്പളയിലും പരിസരത്തും അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പറയുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് അര്‍ദ്ധരാത്രിയില്‍ ഉപ്പളയില്‍ കഞ്ചാവ് ലഹരിയില്‍ ഒരു ഓട്ടോ ഡ്രൈവര്‍ യുവാക്കളെ മര്‍ദ്ദിക്കുകയും അതിനിടെ ഓട്ടോ ഡ്രൈവറുടെ തലക്ക് കല്ല് കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയുമുണ്ടായി. കഞ്ചാവ് ലഹരിയിലായത് കാരണം ഓട്ടോ ഡ്രൈവര്‍ കേസ് കൊടുക്കാന്‍ തയ്യാറായില്ല. ഉപ്പളയിലും പരിസരത്തും കടുകയറിയ ആള്‍ താമസമില്ലാത്ത വീടുകളില്‍ കൊണ്ടു വന്ന് കഞ്ചാവ് സംഘം പണം നല്‍കാന്‍ തയ്യാറാവാത്തവരെ ക്രൂരമായി മര്‍ദ്ദിക്കുന്നത് പതിവായിട്ടുണ്ട്.