റിയാദ്: ലോകത്തെങ്ങുമുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലെത്താൻ അതത് രാജ്യങ്ങളിലിരുന്ന് ഡിജിറ്റലായി നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. ഇതിനായി ‘നുസുക്’ എന്ന പേരില്‍ ഹജ്-ഉംറ മന്ത്രാലയം പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഉംറ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള വരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത ഏകീകൃത ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ആണിത്.
സൗദിയിലേക്കുള്ള പ്രവേശന വിസ, ഉംറയും മദീന സിയാറത്തും നടത്തുന്നവര്‍ക്ക് ആവശ്യമായ പെര്‍മിറ്റുകള്‍, സൗദിയിലെ ചരിത്ര, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള യാത്രകളില്‍ ബുക്കിംഗ്, ഉംറ, മദീന സന്ദർശനം പ്രോഗ്രാമുകളില്‍ ബുക്കിംഗ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ എന്നീ സേവനങ്ങള്‍ നുസുക് പ്ലാറ്റ്‌ഫോം നല്‍കും. ഉംറ കര്‍മം നിര്‍വഹിക്കാനും മദീന സന്ദർശനം നടത്താനും ആഗ്രഹിക്കുന്നവര്‍ക്കുള്ള പുതിയ പോര്‍ട്ടല്‍ ആണ് നുസുക് പ്ലാറ്റ്‌ഫോം.