‘ആസാദ് കശ്മീർ’: കെ ടി ജലീലിനെതിരെ കേസെടുക്കും; ഉചിതമായ വകുപ്പുകൾ ചുമത്താൻ ദില്ലി പൊലീസിനോട് കോടതി

0
225

ദില്ലി: ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിന് തിരിച്ചടി. ജലീലിനെതിരെ കേസെടുക്കാൻ ദില്ലി റോസ് അവന്യൂ കോടതി നിർദേശം നൽകി. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചത്. പരാതിയില്‍ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയില്‍ റിപ്പോർട്ടായി നല്‍കിയിരുന്നു.

സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിർദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമായിരുന്നു തിലക് മാർഗ് പൊലീസ് കോടതിയിലെടുത്ത നിലപാട്. കേസ് പരിഗണിക്കവേ, എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നത് എന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് നിർദേശിച്ചിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് റോസ് അവന്യൂ കോടതി, തിലക് മാർഗ് പൊലീസിന് നിർദേശം നൽകിയത്. അതേസമയം ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി.

ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നതായിരുന്നു പരാതിക്കാരന്‍റെ ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ദില്ലി പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജി.എസ്.മണി കോടതിയെ സമീപിച്ചത്. കേസെടുക്കാൻ ദില്ലി പൊലീസിന് നിർദേശം നൽകണമെന്നതായിരുന്നു ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിയില്‍ ഇദ്ദേഹം വിശദീകരിച്ചിരുന്നു. കശ്മീർ സന്ദർശിച്ച ശേഷം ജലീൽ ഇട്ട ഫേസ്ബുക്ക് കുറിപ്പിലെ ‘ഇന്ത്യ അധീന കശ്മീർ’, ‘ആസാദ് കാശ്മീർ’ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്.

വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആർ. ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആ‌ർ.

ആ‌ർഎസ്എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസെടുത്തെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ജലീലിന്‍റെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here