ആദ്യം സിമി, പിന്നെ എന്‍.ഡി.എഫ്, ഒടുവില്‍ പിഎഫ്‌ഐ; ഇനിയെന്ത്?

0
282

നിരോധനം കൊണ്ടുമാത്രം തീവ്രസ്വഭാവമുള്ള ഒരു സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയനാവുമോ എന്ന ചോദ്യമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം ഉയര്‍ന്നു കേള്‍ക്കുന്നത്. ഇന്നത്തെ പി.എഫ്.ഐയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ ചോദ്യത്തില്‍ കാര്യമുള്ളതായി കരുതേണ്ടിവരും. ഇന്ന് കേന്ദ്രം നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പഴയ സിമിയുടെ പുതിയ അവതാരമായിരുന്നു. നിരോധനത്തെ അതിജീവിക്കാന്‍ പേര് മാറ്റി ഓരോ കാലത്തും പുതിയ പുതിയ സംഘടനകളാവുന്നു.

1977 ഏപ്രില്‍ 25-ന് അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ ഒത്തുകൂടിയ വിദ്യാര്‍ഥികളാണ് സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ്) എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ഇതാണ് പി.എഫ്.ഐയുടെ ആദ്യകാല രൂപം. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്നതും ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവര്‍ത്തനംചെയ്യുക എന്നതുമായിരുന്നു സിമിയുടെ പ്രഖ്യാപിതലക്ഷ്യങ്ങള്‍. ബാബറി മസ്ജിദ് തകർക്കപ്പെട്ട കാലത്ത് ഇത് നിരോധനത്തിന്റെ വക്കോളമെത്തിയെങ്കിലും നിരോധിക്കപ്പെട്ടത് 2001-ലും 2008-ലുമായിരുന്നു. സംഘടനയ്ക്ക് ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടതോടെയായിരുന്നു നിരോധനം. 2008 ജൂലായ് 25-ന് നടന്ന ബെംഗളൂരു സ്ഫോടന പരമ്പരയും 2008 ജൂലായ് 26-ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയും ആസൂത്രണം ചെയ്തത് ‘സിമി’യുടെ പുതിയ രൂപമായ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയാണെന്ന് ഗുജറാത്ത് പോലീസ് കണ്ടെത്തുകയും ചെയ്തു.

സിമിയുടെ നിരോധനത്തിന് ശേഷം പിന്നീട് ഉയര്‍ന്നുവന്ന സംഘടനയാണ് എന്‍ഡിഎഫ് അഥവാ നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട്. 1987 -കാലത്ത് കേരളത്തിലെ നാദാപുരം കലാപവുമായി ബന്ധപ്പെട്ടാണ് എന്‍.ഡി.എഫിന്റെ ആദ്യ കാല കൂട്ടായ്മ രൂപപ്പെടുന്നത്. പിന്നീട് ഈ കൂട്ടായ്മ മദനിയുടെ നിരോധിക്കപ്പെട്ട സംഘടനായ ഐ.എസ്.എസ് (ഇസ്സാമിക് സേവാ സംഘ്)പ്രവര്‍ത്തകരെ കൂടെ കൂടെക്കൂട്ടി 1993 കോഴിക്കോടുവെച്ച് എന്‍.ഡി.എഫിന് എന്ന ഔദ്യോഗിക സംഘടനയായി.

വര്‍ഗീയതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളില്‍ എന്‍.ഡി.എഫ് സജീവമായതോടെ മുസ്ലീം സംഘടനകളില്‍ നിന്നടക്കം വലിയ എതിര്‍പ്പുണ്ടായി. ലീഗ് അടക്കമുള്ളവര്‍ സംഘടനയെ ഒറ്റപ്പെടുത്തി. സമൂഹത്തില്‍ നിന്ന് എതിര്‍പ്പ് ശക്തമായതോടെയാണ് എന്‍.ഡി.എഫ് പേര്മാറ്റി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയായി മാറിയത്.

കേരളത്തിലെ എന്‍.ഡി.എഫ്, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പാസറെ എന്നീ സംഘടനകള്‍ ഒരുമിച്ചതോടെ പോപ്പുലര്‍ ഫ്രണ്ടിന് ദേശീയ സ്വഭാവവും കൈവന്നു. തുടക്കത്തില്‍ ദക്ഷിണേന്ത്യയില്‍ മാത്രമായിരുന്നു സ്വാധീനമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഉത്തരേന്ത്യയിലടക്കം സജീവ സാന്നിധ്യമുള്ള സംഘടനയായി മാറിയെന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രത്യേക.

ആന്ധ്രാപ്രദേശിലെ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ഗോവയിലെ സിറ്റിസണ്‍സ് ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗരിക് അധികാര്‍ സുരക്ഷാ സമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യല്‍ ഫോറം എന്നിവയെല്ലാം സംഘടനയുടെ ഭാഗമാണ്. വിദ്യാര്‍ഥികള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലുമെല്ലാം പ്രത്യേകം പ്രത്യേകം ഉപ സംഘടനകളുമുണ്ട്.

2007-ല്‍ ഔദ്യോഗികമായി രൂപീകരിക്കപ്പെടുകയും 2009-ല്‍ ദേശീയ സംഘടനയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത പി.എഫ്.ഐ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്ന പേരില്‍ രാഷ്ട്രീയ സംഘടനയും രൂപവത്കരിച്ചു. കണ്ണൂര്‍ നാറാത്ത് നടന്ന പോലീസ് റെയ്ഡില്‍ വന്‍ ആയുധ ശേഖരവും ലഘുലേഖകളുമെല്ലാം പോപ്പുലര്‍ ഫ്രണ്ടിന്റേതായി കണ്ടെത്തിയതുമുതല്‍ തീവ്രവാദ സ്വഭാവമുള്ള സംഘടന എന്ന നിലയില്‍ നിരീക്ഷണത്തിലായിരുന്നു.

2010-ലെ വിവാദ ചോദ്യപേപ്പര്‍ കേസില്‍ നബി നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ.ടി.ജെ ജോസഫന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് കണ്ടെത്തിതോടെയാണ് സംഘടനയുടെ തീവ്രവാദ സ്വഭാവം പരസ്യമായത്. താലിബാന്‍ മോഡല്‍ എന്നാണ് ഇത് വിശേഷിക്കപ്പെട്ടത്. കേസില്‍ പി.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഹാദിയ കേസിലും സി.എ.എ വിരുദ്ധ സമരത്തിലുമടക്കം പി.എഫ്.ഐ യുടെ വര്‍ഗീയ സ്വഭാവം വെളിപ്പെട്ടു. സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളമടക്കം കേന്ദ്രത്തെ സമീപിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇക്കാര്യം നിഷേധിച്ചു.

പാലക്കാട്, ആലപ്പുഴ കൊലപാതക പരമ്പരയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് കേരളത്തില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. പ്രമുഖ നേതാക്കളെയടക്കം പ്രത്യേകം സ്‌കെച്ചിട്ടുള്ള കൊലപാതകത്തിന് സംഘടന ശ്രമിക്കുന്നുവെന്ന് കേരള പോലീസ് അടക്കം വ്യക്തമാക്കിയിരുന്നു. ഒടുവില്‍ എന്‍.ഐ.എയും ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച നടന്ന അപ്രതീക്ഷിത റെയ്ഡാണ് ഇപ്പോള്‍ സംഘടനയുടെ നിരോധനത്തിലേക്ക് വഴിവെച്ചത്. ഹര്‍ത്താല്‍ ദിനത്തിലെ അക്രമ പരമ്പരകളും കേരളത്തില്‍ നടന്ന കൊലപാതകവുമെല്ലാം നിരോധനത്തിന് കാരണമായി. പക്ഷെ, പല കാലത്തും നിരോധനത്തിന് ശേഷം കൂടുതല്‍ ശക്തിയാര്‍ജിച്ച് തിരിച്ചുവന്ന ഇത്തരം സഘടനകള്‍ ഇനിയെന്ത് പേരിലാണ് രംഗത്തുവരികയെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here