“ഹെല്‍മറ്റില്‍ ക്യാമറ വയ്ക്കുന്നവര്‍ക്ക് ഒരൊറ്റ ചിന്ത മാത്രം..” നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി എംവിഡി!

0
369

സംസ്ഥാനത്തെ ഇരുചക്ര വാഹന യാത്രക്കാ‍ർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കിയ മോട്ടോർ വാഹന വകുപ്പ് ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കത്തിപ്പടരുകയാണ്. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് കമ്മീഷണർ ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനെത്തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നത്.

അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുട‍ർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. എന്നാല്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലി ഉള്‍പ്പെടെയുള്ള അഴിമതികള്‍ മറയ്ക്കാനാണ് ലോകവ്യാപകമായി ഉപയോഗിക്കുന്ന ഇത്തരം ക്യാമറകളുടെ നിരോധനം എന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. എന്നാല്‍ ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് നടപടി എന്ന് മോട്ടോര്‍വാഹന വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.

“റൈഡ് റെക്കോര്‍ഡ് ചെയ്യുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് പലരും ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നത്.. ഇത്തരം ക്യാമറ ഹെല്‍മറ്റില്‍ വച്ച് ബൈക്കോടിക്കുന്നവരുടെ മനസിലെ ചിന്ത മുഴുവന്‍ ഇതിനെക്കുറിച്ചും റെക്കോര്‍ഡിംഗിനെക്കുറിച്ചുമൊക്കെ മാത്രമായിരിക്കും.. പെട്ടെന്നൊരു ദൃശ്യം കണ്ട് ഷൂട്ട് ചെയ്യാന്‍ ക്യാമറയുള്ള തല തിരിച്ചാല്‍ എന്താകും അവസ്ഥ..? ഇത്തരത്തിലുള്ള റെക്കോര്‍ഡിംഗുകള്‍ യാതൊരുവിധ ആവശ്യവും ഇല്ലാത്തതാണ്..” പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എംവിഡി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

ഇത്തരം റൈഡര്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനു പകരം റൈഡ് റെക്കോര്‍ഡിംഗ് ചെയ്യുന്നതില്‍ മാത്രമായിരിക്കും. അതുകൊണ്ട് തൊട്ടുമുന്നിലുള്ള അപകടങ്ങളെ തിരിച്ചറിയാന്‍ പോലും പലര്‍ക്കും കഴിയാറില്ല. മുമ്പിലുള്ള കല്ലോ , കമ്പിയോ കുഴിയൊ ഒന്നും ഇവര്‍ കാണില്ല. മാത്രമല്ല ഇത്തരം സ്റ്റണ്ടുുകളും മറ്റും ഷൂട്ട് ചെയ്‍ത് സോഷ്യല്‍ മീഡിയയില്‍ താരമാകുക എന്ന ലക്ഷ്യം മാത്രമാണ് പലര്‍ക്കും. 200 കിലോമീറ്റര്‍ വേഗതയിലൊക്കെ പായുന്ന ബൈക്കിന്‍റെ സ്‍പീഡോ മീറ്ററിന്‍റെ വീഡിയോ ദൃശ്യങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഇങ്ങനെയാണ്. അനാരോഗ്യകരമായ മത്സരങ്ങള്‍ക്കും അപകടങ്ങള്‍ക്കുമൊക്കെയാണ് ഇത് വഴി വക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

“മാത്രമല്ല ഹെല്‍മെറ്റില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധവുമാണ്..  ഹെല്‍മെറ്റിന്‍റെ ഉദ്ദേശശുദ്ധിക്ക് യാതൊരുവിധത്തിലും യോജിച്ചതല്ല അതിലെ ഒരു മോഡിഫിക്കേഷനും..” ഉദ്യോഗസ്ഥന്‍ പറയുന്നു.

ഹെല്‍മറ്റിന്‍റെ പുറംഭാഗം തുളച്ചാണ് ക്യാമറ ഘടിപ്പിക്കുന്നത്. ഇത് ഹെല്‍മെറ്റ് കവചത്തിന്‍റെ സുരക്ഷിതത്വം ഇല്ലാതാക്കും. തറയില്‍ വീഴുമ്പോള്‍ തെന്നിനീങ്ങുന്ന വിധത്തിലുള്ള ഹെല്‍മെറ്റ് ഡിസൈന്‍ സുരക്ഷിതത്തിനുവേണ്ടിയുള്ളതാണ്. ക്യാമറ സ്റ്റാന്‍ഡ് ഘടിപ്പിക്കുന്നതോടെ ഇത് ഇല്ലാതാകും. ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ്പ്, അകത്തെ കുഷന്‍ തുടങ്ങി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദിഷ്ടനിലവാരം പാലിക്കണം. ഇതില്‍ മാറ്റം വരുത്തുന്നതും നിയമവിരുദ്ധമാണെന്നും എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

അതേസമയം ഹെല്‍മറ്റുകളിലെ ക്യാമറ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് രേഖാമൂലം ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെ ഏത് വകുപ്പ് ഉപയോഗിച്ചാണ് നിരോധനം എന്നത് ഇതുവരെ വ്യക്തമല്ല. നിലവിൽ ഹെൽമറ്റിൽ ഘടിപ്പിക്കുന്ന ആക്ഷൻ ക്യാമറകളും ഡാഷ് ക്യാമറകളും മറ്റും നിരോധിക്കുന്ന നിയമം ഇന്ത്യയില്‍ നിലവിലില്ല. എന്നാല്‍ മോട്ടോർ വാഹനനിയമത്തിലെ 53-ാം വകുപ്പ് ഉപയോഗിച്ചാണ് കേരള മോട്ടോർ വാഹന വകുപ്പിന്‍റെ നിരോധന നീക്കമെന്നാണ് സൂചനകള്‍. ഇത്തരത്തില്‍ നിരോധനം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനവും കേരളമാണ് എന്നും സ്ഥിരീകരിക്കാനാവാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്തായാലും ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയുമായി ഇരുചക്ര വാഹനങ്ങള്‍ ഇനി ഓടിക്കുന്നവര്‍ക്ക് നിയമലംഘനത്തിന് ശിക്ഷ നൽകും എന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. നാലു വയസിനു മുകളിൽ പ്രായമുള്ള എല്ലാ ഇരുചക്ര വാഹനയാത്രക്കാരും സുരക്ഷിതമായ ഹെൽമറ്റ് ധരിക്കണമെന്നാണ് നിയമം എന്നും ഹെൽമറ്റിൽ ക്യാമറ ഘടിപ്പിക്കുന്നത് ഇതിനു വിരുദ്ധമാണെന്നും ലംഘിച്ചാല്‍ 1000 രൂപ പിഴ ഈടാക്കുമെന്നും മൂന്ന് മാസത്തേയ്ക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നുമാണ് എംവിഡി അറിയിച്ചിട്ടുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here