സോഷ്യല്‍ മീഡിയയില്‍ മതചിഹ്നങ്ങളെ അപമാനിച്ചു; ബഹ്റൈനില്‍ രണ്ട് പേര്‍ക്കെതിരെ അടുത്തയാഴ്ച വിധി

0
288

മനാമ: ടിക് ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴി മത ചിഹ്നങ്ങളെ അപമാനിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്‍തതിന്റെ പേരില്‍ പിടിയിലായ രണ്ട് പേര്‍ക്കെതിരെ ബഹ്റൈന്‍ ലോവര്‍ ക്രിമിനല്‍ കോടതി അടുത്തയാഴ്ച ശിക്ഷ വിധിക്കും. കേസിലെ രേഖകളും സാക്ഷിമൊഴികളും അന്വേഷണ റിപ്പോര്‍ട്ടുകളും വിശദമായി പരിശോധിച്ച കോടതി അടുത്ത ബുധനാഴ്ച ശിക്ഷ വിധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ രണ്ട് പേരില്‍ ഒരാള്‍ 17 വയസുകാരനാണ്. മത ചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് ബഹ്റൈനിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം അന്വേഷണം നടത്തിയാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇരുവരെയും അറസ്റ്റ് ചെയ്‍തത്.

രണ്ട് പ്രതികളെയും വളരെ വേഗം തന്നെ തിരിച്ചറിയാന്‍ സാധിച്ചുവെന്നും തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ടെലികോം ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്‍തതായും മത ചിഹ്നങ്ങളെ അപമാനിച്ചതായും ഇരുവരും കുറ്റസമ്മതം നടത്തിയെന്നാണ് അധികൃതര്‍ അറിയിച്ചത്.

പ്രായപൂര്‍ത്തായാകാത്ത പ്രതിയെക്കുറിച്ച് സോഷ്യല്‍ വര്‍ക്കര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് ഇയാളെ കുട്ടികള്‍ക്കായുള്ള പ്രത്യേക കോടതിക്ക് കൈമാറി. അഭിപ്രായ പ്രകടനത്തിലുള്ള സ്വാതന്ത്ര്യം ബഹ്റൈന്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ആ അവകാശം ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്ന്  ഫാമിലി ആന്റ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. മതത്തിന്റെ പവിത്രതയെ ഇകഴ്‍ത്തുന്ന രീതിയിലും ജനങ്ങളെ പ്രകോപിപ്പിക്കുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന രീതിയിലും അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത്. എന്നാല്‍ ഈ കേസില്‍ നയങ്ങള്‍ക്ക് വിരുദ്ധമായാണ് സംഭവിച്ചത്. സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന തരത്തിലായിരുന്നു പ്രതികളുടെ പ്രവൃത്തികള്‍. അതുകൊണ്ടുതന്നെ അവ ക്രിമിനല്‍ കുറ്റമാണ്. നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ പ്രതികള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബോധപൂര്‍വം മത ചിഹ്നങ്ങളെ അപമാനിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് അയാളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രതി, തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായതിനാല്‍ പരമാവധി ശിക്ഷാ ഇളവ് നല്‍കണമെന്നും പ്രതിഭാഗം കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here