കോയമ്പത്തൂര്‍: മോഷ്ടിച്ച ബൈക്ക് കേടായപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച് കളളന്‍ എത്തിയത് ഉടമയുടെ അടുത്ത്. കോയമ്പത്തൂര്‍ സൂലൂര്‍ സ്വദേശി മുരുകന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ബൈക്കാണ് ഉടമയുടെ പക്കല്‍ തിരികെയെത്തിയത്.
തമിഴ്‌നാട് തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്‌മണ്യം ആണ് ബൈക്ക് മോഷണം നടത്തിയത്. പിടിയിലായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിവളര്‍ത്ത് കേന്ദ്രത്തിലെ മാനേജരായ സൂലൂര്‍ സ്വദേശി മുരുകന്‍ വാഹനം നഷ്ടപ്പെട്ടുവെന്ന പരാതി നല്‍കാനായി കരുമത്തംപട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന സമയത്താണ് മോഷ്ടാവിനെ കണ്ടെത്തിയത്. കുറുമ്പപാളയം എത്തിയപ്പോള്‍ വര്‍ക് ഷോപ്പിന് മുന്നില്‍ തന്റെ ബൈക്ക് നില്‍ക്കുന്നത് കണ്ട് മുരുകന്‍ സമീപത്തേക്ക് പോകുകയായിരുന്നു.
ഈ സമയത്ത് വാഹനത്തിന് സമീപം നിന്ന ബാലസുബ്രഹ്‌മണ്യന്‍ മുരുകനോട് വാഹനം സ്റ്റാര്‍ട്ട് ആകുന്നില്ലെന്നും വര്‍ക്ക്ഷോപ്പ് എപ്പോള്‍ തുറക്കുമെന്നും ചോദിക്കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാവും ഉടമയും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ആയതോടെ നാട്ടുകാര്‍ ഇടപെട്ട് പൊലീസില്‍ മോഷ്ടാവിനെ ഏല്‍പ്പിക്കുകയായിരുന്നു.
മോഷണ വിവരം ഉടമ നാട്ടുകാരോട് പറഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തുന്നത് വരെ പ്രതിയെ സംഭവ സ്ഥലത്ത് കെട്ടിയിട്ടു. തുടര്‍ന്ന് പൊലീസ് എത്തിയശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീളമേട്, ശിങ്കാനല്ലൂര്‍, ആര്‍.എസ് പുരം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലായി നിലവില്‍ 18 മോഷണക്കേസുകള്‍ പ്രതിക്കെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.