മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

0
351

സീരിയല്‍ താരങ്ങളായ ഗുര്‍മീത് ചൗധരിയും ദേബിന ബോണര്‍ജിയും രണ്ടാം തവണയും അച്ഛനും അമ്മയും ആകാന്‍ ഒരുങ്ങുകയാണ്. ഇരുവരും ഈ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

ദേബിനയുടെ കണ്ണുകളിലേക്ക് നോക്കുന്ന ഗുര്‍മീതിന്റെ ചിത്രമാണ് പങ്കുവെച്ചത്. ഇതില്‍ ഗുര്‍മീത് അവരുടെ ആദ്യത്തെ കുഞ്ഞ് ലിയാനയെ ഒരു കൈയില്‍ പിടിച്ചിരിക്കുന്നത് കാണാം. ദേബിനയുടെ കൈയില്‍ സോണോഗ്രാം റിസള്‍ട്ടുമുണ്ട്.

ഇതിനൊപ്പം ഒരു കുറിപ്പും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ‘കുറച്ചു തീരുമാനങ്ങള്‍ ദൈവികമാണ്. ഒന്നും മാറ്റാന്‍ കഴിയില്ല. ഇത് അത്തരമൊരു അനുഗ്രഹമാണ്. ഞങ്ങളെ പൂര്‍ത്തീകരിക്കാന്‍ രണ്ടാമത്തെ കുഞ്ഞ് ഉടന്‍ വരുന്നു.’ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ദേബിനയും ഗുര്‍മീതും വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ലിയാന ചൗധരി എന്നു പേരിട്ട ഈ കുഞ്ഞിന് ഇപ്പോള്‍ നാല് മാസമാണ് പ്രായം.

2008-ലെ ടെലിവിഷന്‍ ഷോ രാമായണിന്റെ സെറ്റില്‍വെച്ചാണ് ദേബിനയും ഗുര്‍മീതും കണ്ടുമുട്ടുന്നത്. ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയമായി മാറി. 2011 ഫെബ്രുവരിയില്‍ ഇവര്‍ വിവാഹിതരായി.

പിന്നീട് പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി പിറന്നത്. അമ്മയാകാന്‍ ഒരുപാട് ചികിത്സ തേടിയെന്ന് നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദേബീന പറഞ്ഞിരുന്നു. രണ്ടു തവണ ഐവിഎഫില്‍ പരാജയപ്പെട്ടെന്നും ഇതിനെല്ലാം കാരണം താനാണെന്ന് കരുതി ഒരുപാട് കരയുമായിരുന്നെന്നും ജീവിതം അവസാനിച്ചതുപോലെയാണ് തോന്നിയിരുന്നതെന്നും അവര്‍ അഭിമുഖത്തില്‍ മനസുതുറന്നിരുന്നു.

ഈ വിഷമഘട്ടത്തിലെല്ലാം തനിക്ക് കരുത്തായി കൂടെയുണ്ടായിരുന്നത് ഭര്‍ത്താവ് ഗുര്‍മീത് ചൗധരിയാണെന്നും താരം വ്യക്തമാക്കിയിരുന്നു. ‘എന്റെ വര്‍ക്കൗട്ടുകളും ശരിയായ ജീവിത പങ്കാളിയുമാണ് എന്റെ മനസ് കൈവിടാതെയിരിക്കാനുള്ള കാരണം. ഇത് ഒറ്റയ്ക്കുള്ള യാത്രയല്ല. കുട്ടിയുണ്ടാവുക എന്ന ഉത്തരവാദിത്തം സ്ത്രീകളുടേത് മാത്രമല്ല. ഒരുമിച്ചുള്ള യാത്രയാണ്. ഓരോ തവണയും പരാജയപ്പെടുമ്പോള്‍ ഞാന്‍ ഭര്‍ത്താവുമായി സംസാരിക്കുമായിരുന്നു. ഗൂര്‍മീത് എന്നും പോസിറ്റീവായാണ് സംസാരിച്ചത്. ഈ യാത്രയില്‍ നമ്മള്‍ ഒരുമിച്ചാണെന്ന് പറഞ്ഞു.’ ദെബീന അഭിമുഖത്തില്‍ പറഞ്ഞു.

2003 ലായിരുന്നു ദെബീനയുടെ സിനിമയിലെ അരങ്ങേറ്റം. അമ്മായിലു അബ്ബായിലു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് തമിഴിലും കന്നഡയിലും അഭിനയിച്ചു. എന്നാല്‍ സീരിയലുകളാണ് ദെബീനയെ താരമാക്കി മാറ്റുന്നത്. രാമായണ്‍ പരമ്പരയില്‍ സീതയായി എത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ ആഹട്ട്, ചിടിയ ഗര്‍ തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here