‘അവനെ അവര്‍ കൊന്നതാണ്…എന്റെ കുട്ടിയുടെ മയ്യിത്ത് പള്ളിപ്പറമ്പിൽ എത്തിച്ച് ഖബറടക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല…’
നന്തി കോടിക്കല്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം, നേരത്തെ കാണാതായ പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയിൽ തെളിഞ്ഞപ്പോള്‍, പിതാവ് കോയിക്കുന്നമ്മല്‍ നാസറിന്റെ വിതുമ്പലിൽ ചാലിച്ച വാക്കുകളാണിത്.
കാണാതായ മേപ്പയൂര്‍ കൂനംവെള്ളിക്കാവിലെ വടക്കേത്തൊടിക്കണ്ടി ദീപക്കിന്റേതാണെന്ന ധാരണയില്‍ സംസ്‌കരിച്ചത് ഇർഷാദിന്റെ മൃത ദേഹമായിരുന്നു. സംസ്‌കരിച്ച മൃതദേഹത്തിലെ എല്ലിന്‍ കഷ്ണങ്ങളാണ് റവന്യൂ വിഭാഗത്തിന്റെ സാന്നിധ്യത്തിൽ പിന്നീട് കൈമാറിയത്.
സ്വര്‍ണക്കടത്ത് സംഘത്തിന്റെ കൊടും പാതകമാണ് ഇര്‍ഷാദിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയത്. ഇര്‍ഷാദിന് നേരിടേണ്ടിവന്ന ദുരന്തം തന്നെയാണ് കഴിഞ്ഞ ജൂണ്‍ 26ന് കാസര്‍ക്കോട് സ്വദേശി സിദ്ദീഖിനും അഭിമുഖീകരിക്കേണ്ടിവന്നത്. ദുബൈയില്‍ കച്ചവടക്കാരാനായ സിദ്ദീഖ് മംഗളൂരു വഴി നാട്ടിലെത്തിയത് സഹോദരനെയും ബന്ധുവിനെയും സ്വര്‍ണ-കറന്‍സിക്കടത്ത് സംഘം തടവിലാക്കിയതിന്റെ പേരിലാണ്. സിദ്ദീഖ് വീട്ടില്‍ നിന്ന് നേരെ പോയത് തന്നെ ഭീഷണിപ്പെടുത്തിയവരുടെ അടുത്തേക്ക്! ഇടനിലക്കാരന്‍ വഴി ദുബൈയില്‍ നിന്ന് നല്‍കിയ അരക്കോടി ഡോളര്‍ സിദ്ദീഖ് തിരിച്ചേൽപ്പിച്ചില്ല എന്നായിരുന്നു സംഘത്തിന്റെ വെളിപ്പെടുത്തല്‍. നിസഹായാവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും സംഘം സിദ്ദീഖിനെ ക്രൂരമായി പീഡിപ്പിച്ച്, ഉപ്പള സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. അപ്പോഴേക്കും സിദ്ദീഖ് മരിച്ചിരുന്നു.
പാലക്കാട് ജില്ലയിലെ അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ നെടുമ്പാശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പെരിന്തല്‍മണ്ണയില്‍ കൊലപ്പെടുത്തിയത് കഴിഞ്ഞ മെയ് 20ന്. സ്വര്‍ണക്കടത്ത് സംഘം ജലീലിനെ പെരിന്തല്‍മണ്ണയില്‍ തടവില്‍പ്പാര്‍പ്പിച്ച് മര്‍ദിക്കുകയായിരുന്നു. മൃതപ്രാണനായ ജലീലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രതികള്‍ മുങ്ങി. ഗള്‍ഫില്‍ നിന്ന് നല്‍കിയ സ്വര്‍ണം തിരിച്ചേൽപ്പിച്ചില്ലെന്ന കാരണംപറഞ്ഞാണ് ജലീലിനെ തട്ടിക്കൊണ്ടുപോയി കൊന്നത്. രണ്ടരമാസത്തിനിടെ സംസ്ഥാനത്ത് അരങ്ങേറിയ മൂന്ന് നിഷ്‌കരുണ കൊലകളുടെ പിന്നാമ്പുറം തേടിയിറങ്ങിയ പൊലിസിന് ലഭിക്കുന്നത് കേരളത്തില്‍ പിടിമുറുക്കിയ സ്വര്‍ണ കള്ളക്കടത്ത് മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജീവസന്ധാരണത്തിന് ഗള്‍ഫിലേക്ക് കടന്നിട്ടും വെറുംകൈയോടെ തിരിച്ചുപോരേണ്ടിവരുന്ന ഹത ഭാഗ്യരായ പ്രവാസികളെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വാഹകരാക്കി, ഒടുവില്‍ കൊന്നുതള്ളുന്ന മാഫിയ കേരളത്തില്‍ വേരുറപ്പിക്കുകയാണ്. സാധാരണക്കാരായ പ്രവാസി മുതല്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വരെ കണ്ണികളാവുന്ന സ്വര്‍ണക്കടത്ത് സംഘം ഗള്‍ഫിലും നാട്ടിലുമായി സ്വൈര്യവിഹാരം നടത്തുകയാണ്. ശരീരഭാഗങ്ങളിൽ ഒളിപ്പിച്ചുകടത്തുന്നത് മുതല്‍ ഡിപ്ലോമാറ്റിക് ബാഗില്‍ ഉന്നതരുടെ സഹായത്തോടെ വരെ സ്വര്‍ണം ഒഴുകിയെത്തുമ്പോൾ തുടരന്വേഷണങ്ങളത്രയും പാതിവഴിയിലാവുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോക്താക്കളുള്ള കേരളത്തിലേക്ക് തന്നെയാണ് കള്ളക്കടത്തു സ്വർണം കൂടുതലായി എത്തുന്നതും. സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങള്‍ വഴി ഏഴുമാസങ്ങൾക്കിടെ പിടിക്കപ്പെട്ടത് 150 കോടിക്ക് മുകളില്‍ വിലയുള്ള സ്വര്‍ണമാണ്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്, ഡി.ആര്‍.ഐ, കസ്റ്റംസ് പ്രിവന്റീവ് വിഭാഗങ്ങള്‍ പിടിക്കപ്പെടാത്ത സ്വര്‍ണം ഇതിലും എത്രയോ ഇരട്ടി! സ്വര്‍ണക്കടത്ത് സംഘത്തിന്റെ പകയുടെയും മത്സരത്തിൻ്റെയും പ്രതികാരത്തിന്റെയും പിരിമുറുക്കങ്ങളാണ് തട്ടിക്കൊണ്ടുപോക്കിലും ഒളിപ്പിക്കലിലും കൊലകളിലും എത്തിച്ചേരുന്നത്.