സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗറുമായുള്ള വിദ്യാര്‍ഥിനിയുടെ ‘കഞ്ചാവ് ചര്‍ച്ച’യെക്കുറിച്ച് അന്വേഷണം ശക്തമാക്കി പോലീസ്. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കരുതപ്പെടുന്ന തൃശ്ശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കഞ്ചാവ് ലഭിക്കുന്നതിനെ പറ്റി വ്ലോഗറുമായി നടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വീഡിയോ ഞെട്ടിക്കുന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്റെ അറിയിച്ചു.
‘പൈസയൊണ്ട്!, സാധനം കിട്ടുന്നില്ല, അതാണ് പ്രശ്നം.. ഇവിടെയൊക്കെ നാടനാണ്.. എന്ന് വ്ലോഗറോട് പരിഭവം പറയുന്ന പെണ്‍കുട്ടിയോട് കഞ്ചാവ് ലഭിക്കാന്‍ ‘‘ഫോർട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കിൽ കോതമംഗലം വരെ പോകൂ’ എന്നാണ് വ്ലോഗര്‍ മറുപടി നല്‍കുന്നത്.
ആൺകുട്ടിയോടോ പെൺകുട്ടിയോടോ എന്ന് അറിയാതെയാണ് വ്ലോഗർ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു പേർ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോൾ അവർ ഗ്രൂപ്പ് ചാറ്റിൽനിന്ന് ഇറങ്ങിപ്പോകുന്നുണ്ട്.തൃശൂരാണ് സ്ഥലമെന്നും പെൺകുട്ടിയാണെന്നു പറഞ്ഞപ്പോൾ വ്ലോഗർക്കും അതിശയം തോന്നി. എന്തൊക്കെയാണ് പരിപാടിയെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ‘‘24X7 പൊകയടി’’ എന്ന് വ്ലോഗർ മറുപടി നല്‍കി. തിരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അതു തന്നെ.. ‘‘പ്ലസ്ടു കഴിഞ്ഞു.. ഇപ്പം പോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു.. വേറെ എന്ത് പരിപാടി..’’ – എന്നു പെൺകുട്ടി പറഞ്ഞു.
പെണ്‍കുട്ടിയുടെ കഞ്ചാവ് വിശേഷം കേട്ട് ആദ്യം വ്ലോഗർ ഗോ ഗ്രീൻ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിവരം അമ്മയ്ക്കറിയാമെന്നും വഴക്കു പറയുമ്പോൾ മൈന്‍ഡ് ചെയ്യാറില്ലെന്നും പെൺകുട്ടി പറയുന്നു. .. ഇത്.. ‘‘പച്ചക്കറിയാണ്..വെജിറ്റബിളാണ്’’ എന്ന് പറഞ്ഞ് കഞ്ചാവ് വലിയെ വ്ലോഗര്‍ ന്യായീകരിക്കുന്നു . കഞ്ചാവടിച്ചാലും സിഗരറ്റ് വലിക്കരുതെന്ന ഉപദേശവും പെണ്‍കുട്ടിക്ക് വ്ലോഗര്‍ നൽകുന്നുണ്ട്.
‘നിങ്ങളെ കാണണമെന്നു ഭയങ്കര ആഗ്രഹമാണ്..’ എന്നു പെൺകുട്ടി പറയുമ്പോൾ ‘‘നാട്ടിൽ വരും.. അന്നേരം ഒരുമിച്ച് ഇരുന്ന് അടിക്കാം.’’ എന്ന് വ്ലോഗർ മറുപടി നല്‍കി. ‘വീട്ടിൽനിന്ന് ഇറങ്ങിപ്പോയതായിരുന്നെന്നും സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരായിരുന്നെന്നും പെൺകുട്ടി പറയുന്നു. ഒരു സുഹൃത്തിനൊപ്പം കഞ്ചാവു വിൽക്കാൻ പോയപ്പോൾ പിടിയിലായി കുറച്ചുകാലം ജയിലിൽ കിടന്നെന്നും പപ്പ ഇറക്കിയെന്നും പെൺകുട്ടി പറയുന്നു. പപ്പ ആർമിയിലാണ്. ഇപ്പോൾ വീട്ടിലാരും തന്നോടു മിണ്ടുന്നില്ലെന്നും അവർ പോയി പണി നോക്കട്ടെയെന്നും പെൺകുട്ടി പറയുന്നു.