‘പുന്നാര മിനിസ്റ്ററേ’ എന്ന് ബഷീര്‍, ‘പുന്നാര അംഗമേ’ എന്ന് റിയാസ്; സഭയില്‍ ചിരിപ്പൂരം

0
240

തിരുവനന്തപുരം: നിയമസഭയില്‍ ചിരിയുയര്‍ത്തി മന്ത്രി പിഎ മുഹമ്മദ് റിയാസും ഏറനാട് എംഎല്‍എ പികെ ബഷീറും. തന്‍റെ മണ്ഡലത്തിലെ റോഡ് നിര്‍മാണത്തെക്കുറിച്ചുള്ള പ്രശ്നം ഉന്നയിക്കവെയാണ് എംഎല്‍എയും മന്ത്രിയും പരസ്പരം ‘പുന്നാരേ’ എന്ന് വിശേഷിപ്പിച്ചത്. റീബില്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി ഏറനാട് മണ്ഡലത്തില്‍ എരഞ്ഞിമാവ് മുതല്‍ എടവണ്ണ വരെയും അരീക്കോട് സൗത്ത് മുതല്‍ മഞ്ചേരി വരെയും കെഎസ്ടിപി നിര്‍മിക്കുന്ന റോഡിന് ഭൂമി വിട്ടുകൊടുത്തവര്‍ക്ക് നഷ്ടമായ ചുറ്റുമതിലും ഗേറ്റും പുനര്‍നിര്‍മിച്ച് നല്‍കുന്നില്ലെന്നായിരുന്നു ബഷീറിന്‍റെ പരാതി. പദ്ധതി പ്രകാരം റോഡ് നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി. സെന്‍റിന് 25 ലക്ഷം രൂപ വിലയുളള സൗജന്യമായി വിട്ടു കൊടുത്തവര്‍ക്ക് നഷ്ടമായ ചുറ്റുമതിലും ഗേറ്റും നിര്‍മിച്ചു നല്‍കിയില്ല. ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കിയിട്ടും എക്സിക്യൂട്ടീഫ് എന്‍ജിനീയര്‍ നടപടിയെടുക്കുന്നില്ല. വിഷയത്തില്‍ മന്ത്രിയും അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്നും ബഷീര്‍ പറഞ്ഞു. നഷ്ടം സംഭവിച്ചവര്‍ക്ക് എത്രയും വേഗം നഷ്ടം നികത്താന്‍ മന്ത്രി വീണ്ടും ഇടപെടണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ഇതിന് ശേഷമാണ് ബഷീര്‍ ഏറനാടന്‍ ശൈലിയില്‍ മന്ത്രിയെ ‘പുന്നാര മിനിസ്റ്ററേ… കോഴിയെ അയലത്തിട്ട പോലെയാണ്, അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലെന്ന് പറഞ്ഞത്’. ബഷീറിന് മറുപടിയായി റിയാസും രംഗത്തെത്തി. എംഎല്‍എയുടെ ആവശ്യം ന്യായമാണെന്നും ചുറ്റുമതിലും ഗേറ്റും നിര്‍മിക്കണമെന്നും നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. പിഎപി പ്രകാരം നഷ്ടം സംഭവിച്ചവരുടെ നഷ്ടം നികത്തുമെന്നും പുന്നാര അംഗം പറഞ്ഞത് പ്രസക്തമാണെന്നും റിയാസും പറഞ്ഞു. ഇരുവരുടെയും പുന്നാരേ വിളി സഭയില്‍ ചിരി പടര്‍ത്തി. പ്രളയത്തിന് ശേഷം റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണ് ഏറനാട് മണ്ഡലത്തില്‍ 186 കോടി രൂപ ചെലവില്‍ റോഡ് നിര്‍മിക്കുന്നത്. റോഡ് നിര്‍മാണത്തിന്‍റെ മുക്കാല്‍ ഭാഗം നിര്‍മാണവും പൂര്‍ത്തിയായി.

 

LEAVE A REPLY

Please enter your comment!
Please enter your name here