പള്ളിയിൽ നിക്കാഹിന് വധു, മഹല്ല് ഖാളിയുടെ ആശിര്‍വാദത്തോടെയെന്ന് സഹോദരന്‍; വിമര്‍ശകര്‍ക്ക് മറുപടി കുറിപ്പ്

0
285

കോഴിക്കോട് : പളളിയിലെ നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുരോഗമനപരമായ തീരുമാനം കൈകൊണ്ട മഹല്ലിനെ അഭിന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വധുവിന് വിവാഹത്തിന് പള്ളിയില്‍ പ്രവേശനം നല്‍കിയതിനെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതോടെ നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസ്താവനയിറക്കി. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വധുവിന്‍റെ സഹോദരന്‍.  മഹല്ല് ഖാളിയുടെയും മഹല്ല് ജനറൽ സെക്രട്ടറിയുടെയും പൂർണ്ണ ആശിർവാദത്തോടെയും ഔദ്യോഗിക അനുമതിയോടെയും കൂടിയാണ് സഹോദരി നിക്കാഹിന് പങ്കെടുത്തതെന്ന് വ്യക്തമാക്കി  സഹോദരൻ ഫാസിൽ ഷാജഹാന്‍ ഫെയ്സ് ബുക്കിലൂടെ വ്യക്തമാക്കി.

ജൂലൈ 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമ്മമാണ് വിവാദമായത്. പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന വിവാഹകർമത്തിലാണ്   കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകൾ ബഹ്ജ ദലീല പങ്കെടുത്തത്. വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമും ദലീലയും തമ്മിലുള്ള വിവാഹമാണ് പതിവില്‍ നിന്നും വിത്യസ്തമായി നടന്നത്.   വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളിൽ തന്നെ ഇരിപ്പിടം നൽകുകയും  മഹർ വരനിൽനിന്ന് വേദിയിൽ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു. സാധാരണ  നിക്കാഹ് ചടങ്ങുകൾ കാണാൻ വധുവിന് അവസരം ലഭിക്കാറില്ല. നിക്കാഹിന് ശേഷം  വധുവിന്‍റെ വീട്ടിലെത്തിയാണ് വരൻ സാധാരണ മഹർ  അണിയിക്കുക.

വധുവിന് പള്ളിയില്‍ പ്രവേശനം നല്‍കിയ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചായയിരുന്നു. ഇതിന് പിന്നാലെയാണ് നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസ്താവനയിറക്കിയത്. മഹല്ലുകമ്മിറ്റി തന്നെ പബ്ലിക്കായി ഒരു നോട്ടീസിറക്കിയത് ഇപ്പോൾ വലിയ സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് ബഹ്ജ ദലീലയുടെ സഹോദരൻ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. . ഇന്നലെ കുറച്ച് പേര്‍ വീട്ടിലെത്തി ഭീഷണി മുഴക്കിയതായും വിഷയം കുടുംബവുമായി ചർച്ച ചെയ്യുന്നതിനു പകരം ഗൾഫിലടക്കമുള്ള വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ  ചർച്ചയ്ക്ക് ഇട്ടത് പക്വതയാർന്ന നടപടിയല്ലെന്നും ഫാസില്‍ പോസ്റ്റിൽ പറയുന്നു.

Read More : പള്ളിയിൽ നിക്കാഹിന് വധു പങ്കെടുത്തത് അം​ഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

ഞങ്ങൾ ഏഴു മക്കളിൽ അവസാനത്തെ പെങ്ങളുടെ വിവാഹ നിക്കാഹ് വിവാദമായത് തികച്ചും അപ്രതീക്ഷിതമായാണ്. മഹല്ല് ഖാളിയുടെയും മഹല്ല് ജനറൽ സെക്രട്ടറിയുടെയും പൂർണ്ണ ആശിർവാദത്തോടെയും ഔദ്യോഗിക അനുമതിയോടെയും കൂടിയാണ് നിക്കാഹിന്റെ വേദിയിൽ ഉപ്പയോടും വരനോടും നാനൂറോളം ബന്ധുജനങ്ങളോടും ഒപ്പം പെങ്ങൾ നിക്കാഹിനു പങ്കെടുത്തത്.

പലയിടത്തും ഇക്കാര്യം ചർച്ചാ വിഷയമായെങ്കിലും യാതൊരു പ്രതികരണവും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. പിന്നീട് മഹല്ലുകമ്മിറ്റി തന്നെ പബ്ലിക്കായി ഒരു നോട്ടീസിറക്കിയതാണ് ഇപ്പോൾ വലിയ സമ്മർദ്ദമുണ്ടാക്കുന്നത്. ഇന്നലെ കുറച്ച് പയ്യൻസ് വീട്ടിലെത്തി ഭീഷണി മുഴക്കുകയും ചെയ്തു.

വിഷയം കുടുംബവുമായി ചർച്ച ചെയ്യുന്നതിനു പകരം ഗൾഫിലേത് അടക്കമുള്ള വിവിധ വാട്സപ് ഗ്രൂപ്പുകളിൽ വിഷയം ചർച്ചയ്ക്ക് ഇട്ടത് പക്വതയാർന്ന നടപടിയല്ല. ശേഷം പത്രക്കാരും ചാനലുകാരുമടക്കം  നിരവധി ഫോൺകോളുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. എല്ലാവരോടും മറുപടി പറയുക സാധ്യമല്ല-  ഫാസില്‍ വ്യക്തമാക്കി. മഹല്ല് കമറ്റി പുറത്തിറക്കിയ നോട്ടീസും ഫാസില്‍ ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here