നവദമ്പതികള്‍ക്ക് ‘വെഡ്ഡിംഗ് കിറ്റ്’ നല്‍കാന്‍ ഒഡീഷ സര്‍ക്കാര്‍; കിറ്റില്‍ കോണ്ടവും ഗർഭനിരോധന ഗുളികകളും

0
235

ഭുവനേശ്വര്‍: ജനസംഖ്യാ നിയന്ത്രണത്തിന്‍റെ ഭാഗമായി നവദമ്പതികള്‍ക്ക് ‘വെഡ്ഡിംഗ് കിറ്റ്’ നല്‍കുന്ന പദ്ധതിയുമായി ഒഡീഷ സര്‍ക്കാര്‍. ശരിയായ കുടുംബാസൂത്രണം നടത്താന്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി. നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ നയ് പഹൽ പദ്ധതിയുടെ ഭാഗമായാണ് വിവാഹ കിറ്റ് നൽകുക. യുവദമ്പതികളില്‍ താൽക്കാലികവും സ്ഥിരവുമായ കുടുംബാസൂത്രണ രീതികൾ അവലംബിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുകയാണ് സുപ്രധാന ലക്ഷ്യം.

വിവാഹ കിറ്റിൽ കുടുംബാസൂത്രണത്തിന്‍റെ രീതികളും നേട്ടങ്ങളും വിശദീകരിക്കുന്ന ബുക്ക് ലെറ്റ്, വിവാഹ രജിസ്ട്രേഷൻ ഫോം, ഗർഭനിരോധന ഉറകൾ, ഗർഭനിരോധന ഗുളികകൾ (OCP),എമർജൻസി ഗർഭനിരോധന ഗുളികകൾ (ECP) എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇതുകൂടാതെ, ഒരു വധുവിന് ആവശ്യമായ വസ്ത്രങ്ങൾ, ടവ്വലുകൾ, തൂവാലകൾ, ചീപ്പ്, ബിന്ദി, നെയിൽ കട്ടർ, കണ്ണാടി, ഹോം പ്രെഗ്നന്‍സി ടെസ്റ്റിംഗ് കിറ്റ് എന്നിങ്ങനെ പ്രത്യേക സമ്മാനങ്ങള്‍ ഉള്‍പ്പെടുന്ന പായ്ക്കറ്റും സര്‍ക്കാര്‍ നല്‍കും.

ഈ വർഷം സെപ്റ്റംബർ മുതൽ നവദമ്പതികൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ചുമതല അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകളെ (ആശ) ഏൽപ്പിച്ചതായി ഫാമിലി പ്ലാനിംഗ് ഡയറക്ടർ ഡോ. ബിജയ് പാനിഗ്രാഹി അറിയിച്ചു. എല്ലാ നവദമ്പതികൾക്കും ശരിയായ രീതിയിൽ കിറ്റുകൾ സമ്മാനിക്കുന്നതിനും കുടുംബാസൂത്രണ രീതികൾ സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.

സെപ്തംബർ മുതൽ വിവാഹം നടക്കുന്ന വീടുകൾ സന്ദർശിച്ച് കിറ്റ് സമ്മാനിക്കും. നവദമ്പതികൾക്ക് ഇവയെല്ലാം സംബന്ധിച്ചുള്ള വിശദീകരണം നല്‍കുന്നതിന് പുറമെ കിറ്റിന്റെ പ്രയോജനം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുമെന്ന് ഡോ. ബിജയ് പാനിഗ്രാഹി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഫെർട്ടിലിറ്റി നിരക്ക് കുറവാണെങ്കിലും ഈ സംരംഭം ആരംഭിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഒഡീഷയെന്ന് എന്‍എച്ച്എം സംസ്ഥാന ഡയറക്ടര്‍ ശാലിനി പണ്ഡിത് പറഞ്ഞു. ആശ, എഎൻഎം, പ്രാദേശിക ആരോഗ്യ പ്രവർത്തകർ എന്നിവരുടെ കോൺടാക്റ്റ് വിവരങ്ങൾ കൂടാതെ, വിവാഹ കിറ്റിൽ മുഖ്യമന്ത്രിയുടെ വിവാഹ ആശംസാ സന്ദേശവും ഉണ്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here